കൊച്ചി : കേരളത്തിലെ ഏറ്റവും വലിയ കേന്ദ്ര നിക്ഷേപമായ കൊച്ചി റിഫൈനറി ഉൾപ്പെടെ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിനെ (ബി.പി.സി.എൽ.) സ്വകാര്യവത്കരിക്കാനുള്ള തീരുമാനത്തിനെതിരെ സമരകാഹളം. തൊഴിലാളി സംഘടനകൾ തുടക്കമിടുന്ന പ്രക്ഷോഭം ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാഷ്ട്രീയ പാർട്ടികളും ഏറ്റെടുക്കും.
ഈമാസം 15 ന് വൈകിട്ട് 4 ന് തൃപ്പൂണിത്തുറയിൽ സമര പ്രഖ്യാപനവും പ്രതിരോധ സദസും സംഘടിപ്പിക്കാൻ സംയുക്ത ട്രേഡ് യൂണിയൻ സമിതി തീരുമാനിച്ചു.
• 17 മുതൽ റിഫൈനറിയുടെ മുമ്പിൽ സത്യാഗ്രഹ സമരം.
• കേരളത്തിലെ എം.പിമാരുടെ ഒപ്പുകൾ ശേഖരിച്ച് പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും അയയ്ക്കും.
• മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കന്മാരെ നേരിൽ കാണും.
# വികസനം അവതാളത്തിലാകും
ബി.പി.സി.എൽ സ്വകാര്യവത്ക്കരിക്കാനുള്ള നീക്കം നിറുത്തി വയ്ക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കൊച്ചി റിഫൈനറിയിൽ 10 വർഷത്തിനിടെ 40,000 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്. പോളിയോൾ പദ്ധതിക്ക് ഫാക്ടിന്റെ 176 ഏക്കർ ഭൂമിയും പെട്രോകെമിക്കൽ ഹബ്ബിന് ഫാക്ടിന്റെ 416 ഏക്കർ ഭൂമിയും സംസ്ഥാന സർക്കാർ ഏറ്റെടുത്തു.
യോഗത്തിൽ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു.
# തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ സമരം
എറണാകുളം ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാഷ്ട്രീയ പാർട്ടികളെയും ബഹുജനസംഘടനകളെയും അണിനിരത്തി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ബെന്നി ബെഹനാൻ എം.പി., വി.പി. സജീന്ദ്രൻ എന്നിവർ പറഞ്ഞു.
പാർലമെന്റിനെയും സുപ്രീം കോടതി ഉത്തരവിനെയും നോക്കുകുത്തിയാക്കി കേന്ദ്ര സർക്കാരിന് വേണ്ടപ്പെട്ടവർക്ക് ബി.പി.സി.എല്ലിനെ കൈമാറാനാണ് ശ്രമിക്കുന്നതെന്ന് അവർ പറഞ്ഞു.
ബി.പി.സി.എൽ
# കൊച്ചി, മുംബൈ, ന്യൂമാലിഗ റിഫൈനറികൾ
# 11 അനുബന്ധ കമ്പനികൾ
# 22 സംയുക്ത സംരംഭങ്ങൾ
# 53.29 ശതമാനം ഓഹരി വിറ്റഴിക്കും
# നടപ്പാക്കുന്നത് 50,000 കോടിയുടെ വികസനം
# കൊള്ളയടി തന്നെ
ഇന്ത്യയിലാകെ വിപുലമായ ഉത്പാദന, വിപണന ശൃംഖല ബി.പി.സി.എല്ലിനുണ്ട്. ഇത്തരം പൊതുമേഖലാ സ്ഥാപനം സ്വകാര്യ കുത്തകകൾക്ക് കൈമാറാനുള്ള നീക്കം പൊതുമേഖലാ സ്വത്ത് കൊള്ളയടിക്കുന്നതിന് വേണ്ടി തന്നെയാണ്. അത് അനുവദിക്കില്ല.
കെ.കെ. ഇബ്രാഹിംകുട്ടി, ചെയർമാൻ
സി.കെ. മണിശങ്കർ, ജനറൽ കൺവീനർ
സംയുക്ത ട്രേഡ് യൂണിയൻ സമിതി