ചോറ്റാനിക്കര: മുളന്തുരുത്തി 136 വർഷക്കാലത്തെ പാരമ്പര്യമുള്ള പൊതുവിദ്യാലയം അടച്ചുപൂട്ടാനുള്ള മാനേജ്‌മെന്റ് നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. 1886 -ൽ ആരംഭിച്ച വിദ്യാലയമാണ് മുളന്തുരുത്തി ക്രിസ്ത്യൻ ഗേൾസ് ലോവർ പ്രൈമറി (സി.ജി.എൽ.പി.എസ് ) സ്‌കൂൾ . 136 വർഷക്കാലത്തെ പാരമ്പര്യമുള്ള ഈ വിദ്യാലയം സ്ത്രീകൾക്ക് വിദ്യാഭ്യാസപരമായും സാമൂഹ്യമായും മുന്നേറാനുള്ള അവസരമൊന്നും ഇല്ലാതിരുന്ന കാലത്ത് ആരംഭിച്ചതാണ്. അതുകൊണ്ടുതന്നെ ചരിത്രപരമായി ഈ വിദ്യാലയത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ഈ പ്രാധാന്യത്തെ ഗൗരവത്തിൽ ഉൾക്കൊള്ളുവാൻ മാനേജ്‌മെന്റിനോ വിദ്യാഭ്യാസ അധികൃതർക്കോ കഴിഞ്ഞിട്ടില്ല എന്നതിന് തെളിവാണ് സർക്കാർ എയിഡഡ് വിദ്യാലയത്തിനൊപ്പം അംഗീകാരമില്ലാത്ത സി.ബി.എസ്.ഇ സ്‌കൂൾ ഒരേ കാമ്പസിൽ ആരംഭിക്കുവാനുള്ള തീരുമാനം .അതുവഴി സി.ജി.എൽ.പി സ്‌കൂളിൽ അദ്ധ്യാപകരെ നിയമിക്കാതെയും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകാതെയും വിദ്യാർത്ഥികളുടെ പഠിക്കാനുള്ള അവകാശം നിഷേധിക്കുകയാണ് അധികാരികളും മാനേജ്‌മെന്റും ഇപ്പോൾ ചെയ്യുന്നത് . സ്‌കൂളിൽ മൂന്നാം ക്ലാസിലും നാലാം ക്ലാസ്സിലും അദ്ധ്യാപകരെ നിയമിക്കാത്തതിനു കാരണം , സ്‌കൂൾ കാമ്പസിൽ തന്നെ പ്രവർത്തിക്കുന്ന അംഗീകാരമില്ലാത്ത സി .ബി.എസ്.ഇ, അൺ എയ്ഡഡ് സ്‌കൂൾ കാരണമാണെന്ന് പൊതു വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ പറയുന്നു.
# സി.ബി.എസ്.ഇ സ്കൂൾ വീണ്ടും പ്രവർത്തിക്കുന്നു
സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന എയ്ഡഡ് സ്‌കൂളായ സി.ജി.എൽ.പി.എസ് പുനർനിർമ്മിക്കുവാൻ അനുവാദം വാങ്ങിക്കുകയും , 2003 ൽ പതിനേഴ് മുറികളുള്ള പുതിയ കെട്ടിടത്തിന്റെ നിർമ്മാണത്തിനു ശേഷം കെട്ടിടത്തിന് നമ്പർ വാങ്ങിച്ചില്ല .ഈ കെട്ടിടത്തിൽ
സമാന്തരമായി സി.ബി.എസ്.ഇ. സ്‌കൂൾ മാനേജ്‌മെന്റ് ആരംഭിച്ചതാണ് പ്രശ്‌നങ്ങൾക്ക് തുടക്കം . അംഗീകാരമില്ലാത്ത സി.ബി.എസ്.ഇ .സ്‌കൂൾ 2012ൽ അടച്ചുപൂട്ടണമെന്ന് പൊതുവിദ്യാഭ്യാസ അധികാരികൾ ആവശ്യപ്പെട്ടിട്ടുള്ളതാണ്. അത് മാനിക്കാതെ സി.ബി.എസ്.ഇ സ്‌കൂൾ ഇപ്പോഴും പ്രവർത്തിക്കുന്നു .
# അദ്ധ്യാപകരില്ല
ഈ അദ്ധ്യയന വർഷം സ്‌കൂളിന്റെ ഒരു കെട്ടിടത്തിനു മാത്രം സർട്ടിഫിക്കറ്റ് നൽകുകയും ഒപ്പം നാല് അദ്ധ്യാപകരിൽ രണ്ട് പേരെ സ്ഥലം മാറ്റി നിയമിക്കുകയും ചെയ്തു .അതിനാൽ മൂന്നാം ക്ലാസിലും നാലാം ക്ലാസിലും അദ്ധ്യാപകരുമില്ലാതായി . ഇതിനെതിരായി പി.ടി.എയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിരോധം നടക്കുന്നുണ്ട്.
# നടപ്പാകുന്നത് മാനേജ്‌മെന്റിന് താല്പര്യം
സാമൂഹ്യമായും സാമ്പത്തികമായും പിന്നിൽ നിൽക്കുന്ന കുട്ടികൾ സ്‌കൂളിലേക്ക് പുതിയതായി അഡ്മിഷന് വരുമ്പോൾ അവരെ അംഗീകാരമില്ലാത്ത സി.ബി.എസ്.ഇ സ്‌കൂളിൽ ചേർക്കാനാണ് സാമ്പത്തിക കൊതിപൂണ്ട മാനേജ്‌മെന്റിന് താല്പര്യം .
#പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാർ
പൊതുവിദ്യാലയമായ സി.എൽ.പി സ്‌കൂളിന്റെ പ്രവർത്തനം സുഗമമായി നടത്തുവാൻ , ആവശ്യത്തിന് അദ്ധ്യാപകരെ നിയമിച്ചും, അംഗീകാരമില്ലാത്ത സി.ബി.എസ്.ഇ സ്‌കൂൾ സർക്കാർ എയിഡഡ് സ്‌കൂളായ സി.ജി.എൽ.പി.എസിനോട് ലയിപ്പിച്ച് കേരളത്തിൽ നടന്നുവരുന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രവർത്തനങ്ങൾക്ക് ശക്തി പകരണമെന്ന ആവശ്യവുമായി പ്രക്ഷോഭത്തിനൊരുകയാണ് നാട്ടുകാർ.