palarivattam-bridge

കൊച്ചി : പാലാരിവട്ടം ഫ്ളൈ ഓവറിലെ വിള്ളലുകളും ഗുണനിലവാരമില്ലാത്ത കോൺക്രീറ്റ് ഉപയോഗിച്ചെന്ന ശാസ്ത്രീയ റിപ്പോർട്ടും പരിഗണിക്കുമ്പോൾ മേൽപാലത്തിന്റെ ബലം പരിശോധിക്കാൻ ലോഡ് ടെസ്‌റ്റ് നടത്തണമെന്ന വാദം അപ്രസക്തമാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.

കേസിലെ പ്രതികളുടെ ജാമ്യ ഹർജി തള്ളിയാണ് സിംഗിൾബെഞ്ച് ഇക്കാര്യം പറഞ്ഞത്. പാലം തകരാറിലാണോ, പൊളിച്ചു പണിയണോ എന്നിങ്ങനെയുള്ള വിഷയങ്ങൾ ജാമ്യ ഹർജികളിൽ പരിഗണിച്ചില്ല. ഫ്ളൈ ഓവർ പുതുക്കിപ്പണിയുന്ന നടപടി സർക്കാർ ഏറ്റെടുത്തത് നീതീകരിക്കാനാവുമോ എന്നതും നോക്കിയിട്ടില്ല. ഒന്നാം പ്രതി സുമിത് ഗോയലിന് അന്യായമായി നേട്ടമുണ്ടാക്കാൻ മറ്റു പ്രതികൾ കൂട്ടു നിന്നതിന് പ്രഥമദൃഷ്ട്യാ വസ്തുതകളുണ്ടോയെന്ന് മാത്രമാണ് പരിശോധിച്ചതെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി.

പിയർ ക്യാപ്പുകൾ, ഗർഡറുകൾ തുടങ്ങിയവയുടെ ബലത്തിൽ സംശയമുണ്ടെന്ന മൂന്ന് ഏജൻസികളുടെ ശാസ്ത്രീയ പഠന റിപ്പോർട്ടുകൾ കോടതിയിൽ ഹാജരാക്കിയിരുന്നു.

ബി.ഒ.ടിയെന്ന് നിശ്ചയിച്ചത്

ഇ.പി.സിയാക്കി : വിജിലൻസ്

ടെൻഡർ വിളിക്കും മുമ്പേ അഴിമതി ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് വിജിലൻസ് പബ്ളിക് പ്രോസിക്യൂട്ടർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ബി.ഒ.ടി പദ്ധതി പ്രകാരം നാലുവരി മേൽപാലം നിർമ്മിക്കാനാണ് സർക്കാർ ഭരണാനുമതി. ഭൂമി ഏറ്റെടുക്കലിന് 72.6 കോടി രൂപ കണക്കാക്കിയിരുന്നു.

ടെൻഡർ വിളിച്ചപ്പോൾ കരാർ ഇ.പി.സി (എൻജിനിയറിംഗ്, പ്രൊക്യുർമെന്റ്, കൺസ്ട്രക്‌ഷൻ)

പ്രകാരമാക്കി മാറ്റി. ഇതോടെ സ്ഥലമേറ്റെടുപ്പ് ഒഴിവാക്കി. രൂപരേഖ (പ്ളാൻ‌) തയ്യാറാക്കുന്നതുൾപ്പെടെ ചുമതല കരാർ കമ്പനിക്ക് ലഭിക്കുന്ന സ്ഥിതിയായി. ഇതു സർക്കാരിനെ അറിയിച്ചിരുന്നില്ല.

ആർ.ഡി.എസിന് ടെൻഡർ ലഭിക്കാനായി രേഖകൾ തിരുത്തി. കമ്പനി ആദ്യം നൽകിയ ടെൻഡർ തുക 47 കോടി രൂപയായിരുന്നു. കുറഞ്ഞ തുക ക്വോട്ട് ചെയ്ത കമ്പനിയെ മറികടക്കാൻ ഇതിൽ13.43 ശതമാനം റിബേറ്റ് നൽകി തുക കുറച്ചു.