ആലുവ: വികസനമുരടിപ്പ് ആരോപിച്ച് എടത്തല പഞ്ചായത്ത് പ്രസിഡന്റ് സാജിത അബ്ബാസിനെതിരെ എൽ.ഡി.എഫ് നൽകിയ അവിശ്വാസ പ്രമേയത്തിന്മേൽ 17ന് ചർച്ച നടക്കാനിരിക്കെ ഭരണകക്ഷിയായ കോൺഗ്രസിൽ നേതൃമാറ്റത്തെ ചൊല്ലി തർക്കം.

12-ാം വാർഡ് മെമ്പർ ഷെറീന ഹസൈനാരെ പ്രസിഡന്റാക്കണമെന്ന ആവശ്യവുമായാണ് ഒരു വിഭാഗം രംഗത്തെത്തിയിട്ടുള്ളത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം പ്രസിഡന്റിനെ നിശ്ചയിച്ചപ്പോൾ ഷെറീനയുടെ പേരും ഉയർന്ന് വന്നിരുന്നുവെന്നും അന്ന് അവസാന ഒരുവർഷം നൽകാമെന്ന ധാരണ ഉണ്ടാക്കിയിരുന്നുവെന്നുമാണ് ഷെറീനയെ അനുകൂലിക്കുന്നവർ പറയുന്നത്. അതിനാൽ ഇപ്പോൾ പ്രസിഡന്റ് സ്ഥാനം കൈമാറണമെന്നും ആവശ്യപ്പെടുന്നു.

എന്നാൽ അടിസ്ഥാനരഹിതമായ പ്രചരണമാണ് ചിലർ നടത്തുന്നതെന്നും മുന്നണിയിലും പാർട്ടിയിലും ഭിന്നിപ്പ് ഉണ്ടാക്കുകയാണ് ഉദ്ദേശമെന്നും ഐ ഗ്രൂപ്പ് നേതൃത്വം പറയുന്നു. എൽ.ഡി.എഫ് അവിശ്വാസം അവതരിപ്പിക്കുമ്പോൾ മുതലെടുപ്പ് നടത്താനാണ് ചിലരുടെ നീക്കം. അതേസമയം ഷെറീനയെ പിന്തുണയ്ക്കുന്നവർ ഗ്രൂപ്പിന് അതീതമായാണ് നേതൃത്വത്തെ സമീപിച്ചിട്ടുള്ളത്. എ ഗ്രൂപ്പുകാരിയായ ഷെറീന നേരത്തെ ആലുവ ജില്ലാ കാർഷിക ഗ്രാമവികസന ബാങ്ക് ബോർഡ് മെമ്പറായും പ്രവർത്തിച്ചിട്ടുണ്ട്. ഷെറീനയുടെ ഭർത്താവ് ഹസൈനാർ കോൺഗ്രസ് ബ്ലോക്ക് എക്സിക്യുട്ടീവ് കമ്മിറ്റിഅംഗവും പഞ്ചായത്തിലെ എ ഗ്രൂപ്പ് നേതാവുമാണ്.

17ന് നടക്കുന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ അട്ടിമറി നടത്താനാകുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. നിലവിൽ 21 അംഗ പഞ്ചായത്ത് കമ്മിറ്റിയിൽ ഏഴ് കോൺഗ്രസ്, മൂന്ന് മുസ്ലീം ലീഗ്, ഒരു സ്വതന്ത്ര എന്നിങ്ങനെ 11 പേരുടെ പിന്തുണയോടെയാണ് യു.ഡി.എഫ് ഭരണം. ഒമ്പതംഗങ്ങളുള്ള എൽ.ഡി.എഫിൽ എട്ട് പേർ സി.പി.എമ്മും ഒരാൾ എൻ.സി.പിയുമാണ്. ഒരാൾ സ്വതന്ത്രനാണ്.

15 -ാം തീയതി ചൂർണിക്കരയിലും പ്രസിഡന്റിനെതിരെ എൽ.ഡി.എഫിന്റെ അവിശ്വാസം ചർച്ച ചെയ്യുന്നുണ്ട്. മറ്റ് അട്ടിമറികളൊന്നും നടന്നില്ലെങ്കിൽ അവിശ്വാസം പാസാകും. നേരത്തെ മറ്റൊരു അട്ടിമറിയിലൂടെയാണ് ചൂർണിക്കര യു.ഡി.എഫ് പിടിച്ചത്. ഏതെങ്കിലും കാരണവശാൽ എടത്തലയും കൈവിട്ടാൽ യു.ഡി.എഫിന് മണ്ഡലത്തിൽ വലിയ ക്ഷീണമാകും.