കൊച്ചി : പിറവം സെന്റ് മേരീസ് പള്ളിയുടെ താക്കോൽ ഒാർത്തഡോക്സ് വിഭാഗത്തിന് കൈമാറുന്നതു സംബന്ധിച്ച് ഇന്ന് ഹൈക്കോടതി വാദം കേൾക്കും. നേരത്തെ ഹർജി പരിഗണിച്ച ഹൈക്കോടതി പിറവം പള്ളിയുമായി ബന്ധപ്പെട്ട ചാപ്പലുകളുടെ ഉടമസ്ഥാവകാശവും നിയന്ത്രണവും സംബന്ധിച്ച് വിശദീകരണം നൽകാൻ സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. ഇന്നലെ ഹർജി പരിഗണിച്ചെങ്കിലും ഇന്ന് ഇതു സംബന്ധിച്ച റിപ്പോർട്ട് നൽകുമെന്ന് സർക്കാർ അഭിഭാഷകൻ അറിയിച്ചു. സുപ്രീം കോടതിവിധിയനുസരിച്ച് പിറവം പള്ളിയിൽ ആരാധന നടത്താൻ പൊലീസ് സംരക്ഷണം തേടി ഒാർത്തഡോക്സ് വിഭാഗം നൽകിയ ഹർജിയാണ് ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്. നേരത്തെ ഹൈക്കോടതി നിർദ്ദേശ പ്രകാരം പള്ളിയുടെ നിയന്ത്രണം കളക്ടർ ഏറ്റെടുത്തിരുന്നു. ഞായറാഴ്ചകളിൽ കുർബാന അർപ്പിക്കാൻ ഒാർത്തഡോക്സ് വിഭാഗത്തിന് അനുമതി നൽകുകയും ചെയ്തിരുന്നു.