changampuzha-

കൊച്ചി : അച്ഛൻ ചങ്ങമ്പുഴ കൃഷ്ണപിള്ളയെ കണ്ട ഓർമ്മയില്ല ഇളയമകൾ ലളിതയ്‌ക്ക്. തനിക്ക് ആറുമാസം മാത്രം പ്രായമുള്ളപ്പോൾ ലോകത്തോട് വിടപറഞ്ഞ അച്ഛനെ എങ്ങനെ ഓർക്കാൻ? പ്രശസ്തനായിരുന്ന അച്ഛനെ വളരുന്തോറും അറി​ഞ്ഞു. അമ്മയിലൂടെ, പുസ്തകങ്ങളിലൂടെ, ആരാധകരിലൂടെ...

ചങ്ങമ്പുഴയുടെ മൂന്ന് മക്കളിൽ ജീവിച്ചിരിക്കുന്നത് ലളിത മാത്രം. എഴുപത്തിരണ്ട് വയസായി. അതിന്റെ ഓർമ്മക്കുറവുണ്ട്. എങ്കിലും മലയാളത്തിന്റെ മഹാകവിയായ​ അച്ഛനെക്കുറിച്ചും വിഖ്യാതമായ രമണനിലെ കഥാപാത്രങ്ങളെ കുറിച്ചും പറയുമ്പോൾ ലളി​തയ്ക്ക് നൂറുനാവ്. എളമക്കരയിലെ 'ചങ്ങമ്പുഴ' വീട്ടിലിരുന്ന് ഓർമ്മകളിലേക്ക് ലളിത തിരിച്ചു പോയി...

അച്ഛനെന്നാൽ വീട്ടിൽ വരുന്നവരെല്ലാം ബഹുമാനത്തോടെ കൈകൂപ്പുന്ന ഫോട്ടോ ആയിരുന്നു കുഞ്ഞു ലളിതയ്ക്ക്. ഇടപ്പള്ളി തൃക്കോവിൽ ക്ഷേത്രത്തിൽ മകരത്തിലെ കാവടി കാണാൻ പോയി ചങ്ങമ്പുഴ വന്നത് ചുമയുമായാണ്. ഇടപ്പള്ളി പള്ളി ആശുപത്രിയിലെ ഡോക്ടർ സുഹൃത്താണ് ക്ഷയമാണെന്ന സംശയം പറയുന്നത്. കുട്ടികളെ അടുപ്പിക്കരുതെന്ന് പറഞ്ഞതിനാൽ ദേവൻകുളങ്ങരയി​ലെ തറവാടി​നോട് ചേർന്ന് ഓലപ്പുര കെട്ടി​ അവിടെയായി കവി​യുടെ താമസം. ഇടയ്ക്ക് കൈക്കുഞ്ഞായ ലളിതയെയും കൊണ്ട് അമ്മ പോകും. അച്ഛൻ തേൻ നാവിൽ വച്ചുതരും. അമ്മ പറഞ്ഞുള്ള അറിവാണ്.

രോഗം മൂർച്ഛി​ച്ചപ്പോൾ തൃശൂരിലേക്ക് ചികിത്സ മാറ്റി. അവിടെ നിന്ന് കോയമ്പത്തൂരിലേക്ക് പോകാനിരിക്കെ ആയി​രുന്നു അന്ത്യം.

സഹോദരങ്ങളായിരുന്ന ശ്രീകുമാറും അജിതയും താനും എഴുതിയിരുന്നെങ്കിലും അമ്മയ്ക്ക് താല്പര്യമില്ലാതിരുന്നു. ചങ്ങമ്പുഴയുടെ ആരാധികമാരെ അംഗീകരിക്കാനുള്ള പാകത ഇല്ലാതിരുന്നതിനാലാകാം എഴുത്തുകാരെ അമ്മ ഇഷ്ടപ്പെടാതി​രുന്നതെന്ന് ലളിത.

ഭർത്താവി​ന്റെ കവിതകളെയും പ്രതി​ഭാവി​ലാസത്തെയും അറിയാതെ പോയതിന്റെ വിഷമം ഒരുപാട് കാലം കഴിഞ്ഞ് അമ്മ പങ്കുവച്ചിരുന്നു. കുടുംബത്തിന്റെ ശാപം പോലെയായിരുന്നു മരണങ്ങൾ. അച്ഛന്റെ അകാലമരണം. സഹോദരി അജിതയുടെ കുടുംബത്തിന്റെ ദുർമരണം. സഹോദരന്റെയും ഭർത്താവിന്റെയും അപകടമരണം...

മകൻ കൃഷ്ണചന്ദ്രനൊപ്പമാണ് ലളിതയുടെ താമസം. അച്ഛന്റെ ജന്മദിനത്തോടനുബന്ധിച്ച് ഇടപ്പള്ളി​യി​ൽ ഇന്നും നാളെയും​ ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല നടത്തുന്ന പരിപാടികളിൽ പങ്കെടുക്കും.

രമണന്റെ കഥയേറെയും ഭാവന

"രമണൻ എന്ന കാവ്യത്തിലെ പ്രണയം ഒരിക്കലും സാക്ഷാത്കരിക്കപ്പെടാത്തതാണെന്ന് അച്ഛന് അറിയാമായിരുന്നു. എന്നെങ്കിലും തന്റെ കഥ ലോകത്തെ അറിയിക്കണമെന്ന ഇടപ്പള്ളി രാഘവൻപിള്ളയുടെ ആവശ്യമാണ് അദ്ദേഹത്തിന്റെ മരണശേഷം രമണൻ എഴുതാൻ അച്ഛനെ പ്രേരിപ്പിച്ചതെന്നാണ് അറിവ്. കാവ്യത്തിലെ പകുതിയും അച്ഛന്റെ ഭാവനയാണ്. രാഘവൻ പിള്ള അച്ഛന് അവസാനമെഴുതിയ കത്ത് കൈയിലുണ്ടായിരുന്നു. ഒന്ന് കാണാനെന്ന് പറഞ്ഞ് വാങ്ങിയ ആൾ പിന്നീട് തിരിച്ചു നൽകിയില്ല."