വൈപ്പിൻ: ഒരുകാലത്ത് വൈപ്പിൻ - മുനമ്പം സംസ്ഥാനപാതയ്ക്കരികിൽ റോഡ് നിരപ്പിൽ നിന്ന് ഉയർന്ന് തലയെടുപ്പോടെതന്നെയായിരുന്നു രണ്ടേക്കറോളം വിസ്തൃതിയുള്ള മൈതാനത്തിന്റെ കിടപ്പ്. പടിഞ്ഞാറ് വശം റോഡ് , വടക്ക് പ്രസിദ്ധമായ പള്ളിപ്പുറം കോട്ട, പൊലീസ് സ്റ്റേഷൻ, ഗവ. സ്കൂൾ, കിഴക്കും തെക്കും വിദേശികളുടെ പട്ടാള ബാരക്കായി തുടങ്ങി പിന്നീട് സർക്കാർ ആശുപത്രിയായി മാറിയ കെട്ടിടങ്ങൾ. 516 വർഷം മുൻപ് നിർമ്മിച്ച ഇന്ത്യയിലെ ആദ്യ വിദേശകോട്ടയായ പള്ളിപ്പുറം കോട്ടയുടെ അത്രതന്നെ പ്രൗഡി ഉണ്ടായിരുന്നു ഇതോടൊന്നിച്ചുള്ള മൈതാനത്തിനും. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിൽ ഒട്ടേറെ രാഷ്ട്രീയ സമ്മേളനങ്ങൾക്ക് മൈതാനം സാക്ഷി ആയിരുന്നു. പിന്നീട് നാട്ടിലെ കലാസാംസ്കാരിക സംഘടനകൾ സംഘടിപ്പിച്ച പരിപാടികൾക്കും ഇവിടം വേദിയായി.
മൈതാനത്തെ നെടുകെ പിളർത്തിയ വികസനം
എന്നാൽ കാൽ നൂറ്റാണ്ട് മുൻപ് സർക്കാരിനുണ്ടായൊരു വെളിപാട് ഈ മനോഹരസംഗമങ്ങളെയെല്ലാം ഒറ്റയടിക്ക് ഇല്ലാതാക്കി. പ്രകൃതിക്ഷോഭം ഉണ്ടാകുമ്പോൾ ദുരിതാശ്വാസ ക്യാമ്പുകളായി ഉപയോഗിക്കാൻ എന്ന പദ്ധതിയുടെ പേരിൽ മൈതാനത്തെ നെടുകെ പിളർത്തി വലിയൊരുഭാഗം മുഴുവൻ നെടുനീളൻ രണ്ട് കെട്ടിടങ്ങൾ ഇവിടെ നിർമ്മിച്ചു. മുനമ്പം കച്ചേരി മൈതാനത്തെ നെടുനീളൻ കെട്ടിടങ്ങളുടെ നിർമ്മിതിക്ക് ശേഷവും പ്രകൃതിക്ഷോഭം ഉണ്ടായപ്പോൾ തൊട്ടടുത്തുള്ള സ്കൂളുകളാണ് അധികൃതരും നാട്ടുകാരും ദുരിതാശ്വാസ ക്യാമ്പായി ഉപയോഗിച്ചത്. വർഷങ്ങളോളം യാതൊരു ഉപയോഗവും ഇല്ലാതെ കിടന്ന് മൈതാനത്തെ കെട്ടിടങ്ങൾ നശിച്ചു.
മൈതാനത്തിന്റെ തൊട്ടടുത്തുള്ള പള്ളിപ്പുറം കോട്ട കാണുന്നതിനായി നൂറുകണക്കിന് വിദേശികളും സ്വദേശികളും എത്തുന്നുണ്ട്. ഈയിടെ എം എൽ ഇ മുൻകൈ എടുത്ത് പൈതൃക സംരക്ഷണപദ്ധതിയിൽപ്പെടുത്തി കോട്ടയും പരിസരവും നവീകരിച്ചു.
യാഥാർത്ഥ്യമാക്കാം സ്പോർട്സ് സെന്റർ
എന്നാൽ കോട്ടയോളം ചരിത്രപ്രാധാന്യമുള്ള മൈതാനം നിറം കെട്ട നിലയിൽ തുടരുന്നു. വൈപ്പിൻ കരക്ക് ഒരു സ്പോർട്സ് സെന്റർ ഒരുക്കുന്നതിനായി ആറുകോടിയുടെ ഫണ്ട് ജില്ലാവികസനസമിതി നീക്കി വെക്കുകയും ഇതിനായി കച്ചേരി മൈതാനത്തിന് ഒരു കി.മി അകലെ കോവിലകത്തുംകടവിൽ സ്ഥലം കണ്ടെത്തുകയും ചെയ്തെങ്കിലും സ്ഥലമെടുപ്പ് യാഥാർത്ഥ്യമായില്ല. കച്ചേരി മൈതാനത്തെ ഉപയോഗശൂന്യമായ കെട്ടിടങ്ങൾ പൊളിച്ചു നീക്കുകയും മൈതാനത്തെ പാർക്കിംഗ് ഒഴിവാക്കുകയും ചെയ്താൽ ആറുകോടിയുടെ ഫണ്ട് ഉപയോഗിച്ച് മൈതാനത്ത് നല്ലൊരു സ്പോർട്സ് സെന്റർ പടുത്തുയർത്താനാകും.
പൊട്ടിപ്പൊളിഞ്ഞ് കെട്ടിടങ്ങൾ
പൊട്ടിപ്പൊളിഞ്ഞ ഈ കെട്ടിടങ്ങളുടെ മറവിൽ മലമൂത്രവിസർജ്ജനത്തിനായാണ് നാട്ടുകാർ പ്രയോജനപ്പെടുത്തിയത്. കച്ചേരി മൈതാനത്തിന്റെ പകുതി ഭാഗം ഭാർഗവിനിലയം മോഡലിൽ ആയപ്പോൾ മറ്റേ പകുതിയിൽ ടാക്സി കാറുകളും ട്രാവലറുകളും പാർക്കിംഗിനായി ഉപയോഗിച്ച് തുടങ്ങി. ഇതോടെ മുനമ്പം ഹാർബറുകളിൽ മത്സ്യം കയറ്റി പോകുന്ന വാഹനങ്ങളും മൈതാനത്ത് വിശ്രമിക്കാൻ തുടങ്ങി. മീൻ വണ്ടികളിലെ മലിനജലം മൈതാനത്ത് നിറയാൻ തുടങ്ങിയതോടെ മൈതാനം മൊത്തം മലിനമായി.
നിവേദനം നൽകും
മൈതാനത്തെ ജീർണിച്ചു വീഴാറായ കെട്ടിടങ്ങൾ പൊളിച്ചു നീക്കണമെന്നും മൈതാനം സൗന്ദര്യവത്കരിക്കണമെന്നും ആവശ്യപ്പെട്ട് ബന്ധപ്പെട്ട മന്ത്രിമാർ, ജില്ലാ കളക്ടർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്നിവർക്ക് നിവേദനം നൽകാനുള്ള തയ്യാറെടുപ്പിലാണ് .
വി എസ് ബെനഡിക്ട്,പള്ളിപ്പുറം വികസന ജനകീയ സമിതി ചെയർമാൻ