കോലഞ്ചേരി: ഐരാപുരം സി.ഇ.ടി. കോളേജിലെ മുൻ ജീവനക്കാരുടെ 47 ദിവസം പിന്നിട്ടസമരത്തിന് പരിഹാരമായില്ല. സമരം ശക്തമാക്കാനാണ് സമര സമിതിയുടെ തീരുമാനം. ശനിയാഴ്ച കോലഞ്ചേരിയിൽ പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തും. വരും ദിവസങ്ങളിൽ കോളേജ് ഡയറക്ടർമാരുടെ വീടുകൾക്ക് മുന്നിലും സമരം ആരംഭിക്കുമെന്ന് സമരസമിതി ഭാരവാഹികൾ പറഞ്ഞു. സത്രീകളടക്കമുള്ള 120 മുൻ ജീവനക്കാരാണ് കോളേജിന് മുന്നിൽ സത്യാഗ്രഹം നടത്തുന്നത്. ഈ ജീവനക്കാരിൽ നിന്നായി 12 കോടിയിലധികം രൂപയാണ് കോഷൻ ഡെപ്പോസി​റ്റിനത്തിൽമാനേജ് മെന്റ് വാങ്ങിയത്. ശമ്പളമില്ലാതായി മാസങ്ങൾ കഴിഞ്ഞ് വിവരം തിരക്കിയ ജീവനക്കാരോട് അവധിയിൽ പോകാനും ശമ്പള കുടിശികയും കോഷൻ ഡെപ്പോസി​റ്റും മൂന്ന് മാസത്തിനകം നൽകാമെന്നും മാനേജ്‌മെൻറ് ഉറപ്പു നൽകി. എന്നാൽ രണ്ടര വർഷം പിന്നിടുമ്പോഴും ഇത് ലഭിക്കാതെ വന്നതോടെയാണ് സ്ത്രീകളടങ്ങുന്ന മുൻ ജീവനക്കാർ കോളജ് കവാടത്തിന് മുന്നിൽ സമരം ആരംഭിച്ചത്.