kaviyoor-ponnamma

നെടുമ്പാശേരി: കുന്നുകര വയൽക്കരയിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തകരുടെ കൂട്ടായ്മ മഹാപ്രളയത്തിന്റെ ഓർമ്മകൾ അയവിറക്കി സംഘടിപ്പിച്ച 'കനിവ് കടലോളം' സിനിമാതാരം കവിയൂർ പൊന്നമ്മ ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞവർഷത്തെ പ്രളയത്തിൽ വയൽക്കര പ്രദേശം പൂർണമായും വെള്ളത്തിനടിയിലായിരുന്നു. വെള്ളം ഇറങ്ങിയതിന് ശേഷവും റോഡിലും വീടുകളിലും അടിഞ്ഞുകൂടിയ ചെളിയും അവശിഷ്ടങ്ങളും നീക്കം ചെയ്ത് ആഴ്ചകൾക്ക് ശേഷമാണ് പലർക്കും താമസം തുടങ്ങാനായിരുന്നത്. പ്രളയത്തെ അതിജീവിച്ചതിന്റെ നടുക്കുന്ന ഓർമ്മകൾ പങ്കുവച്ചതിനൊപ്പം ഇനിയും ഇത്തരം സാഹചര്യമുണ്ടായാൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും സംഗമം ചർച്ചചെയ്തു.

പ്രോഗ്രാം കമ്മിറ്റി കൺവീനർ സി.വി ബിജീഷ് അദ്ധ്യക്ഷനായിരുന്നു.

ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.എസ് ഉദയഭാനു ചികിത്സാസഹായവും ബിനാനിപുരം എസ്.ഐ സുധീർ അമ്മനാട്ട് വിദ്യാഭ്യാസ അവാർഡും വിതരണം ചെയ്തു. ശിവയോഗി പാർത്ഥസാരഥി നമ്പൂതിരി ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. ഷിഹാബ് മാഞ്ചേരി, പി.എ. കുഞ്ഞുമുഹമ്മദ്, പി. രാജീവ്, കെ.എസ്. വേണുഗോപാൽ, പ്രവീണ അജികുമാർ, അൻഷാബ് കെ.എ, സബീൽ ഇടശേരി തുടങ്ങിയവർ സംസാരിച്ചു. മഹാപ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തിയ യുവാക്കൾക്ക് നഷ്ടപ്പെട്ട വഞ്ചിക്ക് പകരമായി നാട്ടുകാരുടെ സഹായത്തോടെ 25000 ത്തോളം രൂപ ചിലവിൽ നിർമ്മിച്ച പുതിയവഞ്ചിയും ചടങ്ങിൽ കൈമാറി.