കൊച്ചി : എറണാകുളം നഗരത്തിൽ ഓൺലൈൻ ടാക്‌സി സർവീസ് ദാതാക്കളായ യൂബറിനും ഇതിന്റെ ഡ്രൈവർമാർക്കും യാത്രക്കാർക്കും മതിയായ പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് നിർദ്ദേശം നൽകി.

എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിലുള്ള ഡ്രൈവേഴ്സ് യൂണിയൻ അംഗങ്ങൾ യൂബർ ടാക്സിയിലെ യാത്രക്കാർക്കും യൂബറിനും തടസമുണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കാൻ നടപടിയെടുക്കണമെന്നും സിംഗിൾബെഞ്ചിന്റെ ഇടക്കാല ഉത്തരവിൽ പറയുന്നു.

യൂബർ ആപ്പ് ഉപയോഗിച്ച് ടാക്സി വിളിക്കാനോ യാത്രക്കാർ ഇതിൽ സഞ്ചരിക്കാനോ യൂണിയൻ അംഗങ്ങൾ സമ്മതിക്കുന്നില്ലെന്നാരോപിച്ച് പൊലീസ് സംരക്ഷണം തേടി യൂബർ ഇന്ത്യ സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡും ഒരു യൂബർ ഡ്രൈവറും നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകിയിട്ടു നടപടിയില്ലെന്നാണ് ഹർജിക്കാരുടെ ആക്ഷേപം.

സമരത്തിന്റെ പേരിൽ നാശനഷ്ടങ്ങളുണ്ടാക്കിയാൽ കുറ്റക്കാർക്കെതിരെ 2019 ലെ സ്വകാര്യ സ്വത്തിനുണ്ടാകുന്ന നഷ്ടം തടയൽ ഓർഡിനൻസ് പ്രകാരം നടപടിയെടുക്കാനും ഉത്തരവിൽ പറയുന്നു. 4000 ത്തോളം ഡ്രൈവർമാർ മേഖലയിൽ ജോലി നോക്കുന്നുണ്ടെന്നും ഇവർക്കെല്ലാം സംരക്ഷണം നൽകാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും ഹർജി പരിഗണിക്കവെ സർക്കാർ അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു.