മരട്.അനധികൃത ഫ്ളാറ്റുകൾ പൊളിച്ചുനീക്കൽ പ്രശ്നത്തിനിടെ ദൈനംദിന കാര്യങ്ങൾ നടത്തുവാൻ മതിയായ ഉദ്യോഗസ്ഥരില്ലാതെ മരട് നഗരസഭ പ്രതിന്ധിയിലായി. അടിയന്തിരമായി ഇക്കാര്യത്തിൽ പരിഹാരമുണ്ടാക്കണമെന്ന് ഇക്കാര്യം ചർച്ച ചെയ്യാനായി പ്രത്യേകം വിളിച്ച നഗരസഭാ കൗൺസിൽ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. സാധാരണക്കാർക്ക് നഗരസഭയുടെ സേവനങ്ങൾ കാര്യക്ഷമായി നൽകാനാവുന്നില്ലെന്ന് കൗൺസിൽ വിലയിരുത്തിയെന്ന് ചെയർപേഴ്സൺ ടി.എച്ച്.നദീറ പറഞ്ഞു.
കൗൺസിലിന്റെ പരാതികൾ
• പൊളിക്കൽ ചുമതല വഹിക്കാനായി നഗരസഭാ സെക്രട്ടറിയുടെ ചുമതലയേറ്റ ഫോർട്ടുകൊച്ചി സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗ് ഫ്ളാറ്റുകളുടെ ഫയലുകളല്ലാതെ മറ്റൊന്നും പരിഗണിക്കുന്നില്ല.
• സ്ഥലം മാറ്റിയ സെക്രട്ടറി എം.ആരിഫ് മുഹമ്മദ്ഖാനെ വീണ്ടും നഗരസഭ സെക്രട്ടറിയായി പുനർനിയമിച്ചുവെങ്കിലും അദ്ദേഹവും ഫ്ളാറ്റ്പൊളിക്കൽ പ്രവർത്തനങ്ങളിലാണ്.
• സബ് കളക്ടറർക്ക് സർക്കാർ അനുവദിക്കുമെന്ന് പറഞ്ഞ അഞ്ച് ക്ളാർക്കുമാരേയും ഒരു സൂപ്രണ്ടിനേയും ഇതുവരെ ലഭിച്ചിട്ടില്ല.
• നഗരസഭയിൽ നാല് ഉദ്യോഗസ്ഥരുടെ ഒഴിവുകൾ നിലവിലുണ്ട്.
•ഫ്ളാറ്റുപൊളിക്കൽ പ്രവൃത്തികൾക്കായി പ്രത്യേക വിഭാഗം രൂപീകരിക്കണം.
• പൊളിക്കൽ നടപടികൾക്കായി സർക്കാർ ഒരു കോടി രൂപ അനുദിച്ചെങ്കിലും ലഭിച്ചില്ല.