maradu
Maradu

കൊച്ചി: മരട് ഫ്ലാറ്റുകൾ പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട് സബ് കളക്ടർ സ്നേഹിൽകുമാർ സിംഗിന്റെ കീഴിൽ പ്രത്യേക ഉദ്യോഗസ്ഥ സംഘം വരും. മരട് നഗരസഭയിലെ ഉദ്യോഗസ്ഥർക്ക് അധിക ജോലിഭാരമാണെന്ന പരാതി നിലനിൽക്കെയാണ് സൂപ്രണ്ടും ക്ലർക്കുമാരുമടങ്ങുന്ന ആറംഗസംഘം ചുമതലയേൽക്കുക.

സംഘത്തിൽ ആരൊക്കെയാണെന്നോ അവർ എപ്പോൾ ജോലിയിൽ പ്രവേശിക്കുമെന്നതിനെ കുറിച്ചോ സബ് കളക്ടർക്കും ധാരണയില്ല.

ഇന്ന് കൊച്ചിയിലെത്തുന്ന എൻജിനീയറിംഗ് വിദഗ്ദ്ധൻ എസ്.ബി സർവ്വത്തെ നാളെ മരട് ഫ്ലാറ്റുകൾ സന്ദർശിക്കും. അദ്ദേഹത്തിന്റെ കൂടി അഭിപ്രായം കണക്കിലെടുത്ത് പൊളിക്കാനുള്ള ഏജൻസികളെ തീരുമാനിക്കും. നാളെത്തന്നെ ഏജൻസികളുമായി കരാർ ഒപ്പുവയ്ക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

ഫ്ലാറ്റുകളുടെ സമീപ പ്രദേശത്ത് താമസിക്കുന്നവരുടെ ഇപ്പോഴത്തെ അവസ്ഥ വിലയിരുത്തിയുള്ള സർവ്വേ 15 ദിവസത്തിനുള്ളിൽ പൂർത്തിയാക്കാനും നിർദ്ദേശമുണ്ട്. പുതുതായി ചുമതലയേൽക്കുന്ന ആറംഗ സംഘമായിരിക്കും ഈ സർവ്വേ നടത്തുക.

നാല് ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചുമാറ്റാൻ രണ്ട് കോടി രൂപയിൽ താഴെയേ ചെലവ് വരൂയെന്നാണ് കണക്കുകൂട്ടൽ. കെട്ടിട മാലിന്യം കളയുന്നത് ഇതിൽപ്പെടില്ല. അതിനായി വേറെ ടെണ്ടർ വിളിക്കും.

ഫ്ലാറ്റുകളിൽ നിന്ന് ഉടമകൾ കഴിയുന്നത്ര സാധനങ്ങൾ മാറ്റിക്കഴിഞ്ഞു. പത്തോളം ഉടമകളുടെ സാധനങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഇവ ജില്ലാ ഭരണകൂടത്തിന്റെ കീഴിൽ സൂക്ഷിക്കുമെന്നും സബ് കളക്ടർ അറിയിച്ചു.

" പുതിയ ഉദ്യോഗസ്ഥ സംഘം വരും. എന്നാൽ ഓർഡർ കയ്യിൽ കിട്ടിയിട്ടില്ല. കാര്യങ്ങളെല്ലാം നിശ്ചയിച്ച സമയത്ത് തന്നെയാണ് നടക്കുന്നത്. ഒന്നോ രണ്ടോ ദിവസം വൈകിയാലും ജനത്തിന്റെ സുരക്ഷ കൂടി പരിഗണിച്ചേ കാര്യങ്ങൾ ചെയ്യൂ."

സ്നേഹിൽകുമാർ സിംഗ്

സബ് കളക്ടർ