പിറവം: കക്കാട് മൃഗാശുപത്രിയിൽ ഡോക്ടറില്ലാതായിട്ട് മാസങ്ങൾ പിന്നിട്ടു. വളർത്തുമൃഗങ്ങൾക്ക് തക്ക സമയത്ത് ചികിത്സ നൽകാൻ കഴിയാതെ കർഷകർ .
തെരുവ് നായ്ക്കളുടെ കടിയേറ്റ് ഒട്ടനവധി ആടുമാടുകളാണ് പിറവം മേഖലയിൽ ചത്തത്. തക്ക സമയത്ത് ചികിത്സ കിട്ടാതെ.കഴിഞ്ഞമാസം തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ പാഴൂരിൽ അഞ്ച് ആടുകൾക്ക് ഗുരുതരനിലയിലായി.
. സീനിയർ വെറ്ററിനറി സർജൻ തസ്തികയാണ് ഇവിടെയുള്ളത്. ആഴ്ചയിൽ ഒരു ദിവസം എറണാകുളം ക്ഷീര വികസന വകുപ്പ് ഓഫീസിൽ നിന്ന് ഒരു ഡോക്ടർ ഇവിടെ വന്നു പോകുന്നു.അതു തന്നെ ഏതു ദിവസമാണെന്നെതിന് കൃത്യതയുമില്ല. നഗരസഭയിലെ മറ്റൊരു മൃഗാശുപത്രി കല്ലുവെട്ടാംമടയിലാണ്. അവിടെ ചെന്നുപെടുകയെന്നത് ഏറെ ബുദ്ധിമുട്ടാണ്.
ഡോക്ടറില്ലാത്തതുകൊണ്ട് കക്കാട് മൃഗാശുപത്രിയിൽ മറ്റു ജീവനക്കാരാണ് മൃഗങ്ങളെ പരിശോധിക്കുന്നതും മരുന്നിന് കുറിക്കുന്നതുംകുത്തിവയ്പ് നൽകുന്നതുമെല്ലാം. ലക്ഷകണക്കിന് രൂപയുടെ മരുന്നുകൾ ഇവിടെയുണ്ടെങ്കിലും കുറിച്ചു കൊടുക്കുന്ന മരുന്നുകൾ ഒന്നും ഇവിടെയുണ്ടാകാറില്ല.
പുതിയ പദ്ധതിയും പാളി
മൂന്ന് മാസങ്ങൾക്കുമുമ്പാണ് പിറവം നഗര സഭാ പരിധിയിലെ ക്ഷീര കർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയത് . പദ്ധതിയിലുൾപ്പെടുന്ന സംസ്ഥാനത്തെ ആദ്യ നഗരസഭയായിരുന്നു പിറവം. പശുക്കളെ ഇൻഷ്വർ ചെയ്ത് ഡോക്ടർ സർട്ടിഫിക്കറ്റ് നൽകിയാലേ പദ്ധതിയിൽ കർഷകർക്ക് ചേരാനാകൂ. മാസങ്ങൾ കഴിഞ്ഞിട്ടും പലർക്കും തങ്ങളുടെ കറവ പശുക്കളെ ഇൻഷ്വറൻസ് ചെയ്ത് സർട്ടിഫിക്കറ്റ് നൽകാൻ കഴിഞ്ഞിട്ടില്ല. തൊഴിലുറപ്പ് പദ്ധതിയിൽ നഗരസഭയെ ഉൾപ്പെടുത്തിയതിന്റെ പ്രയോജനം കിട്ടണമെങ്കിൽ ഇവിടെ മുഴുവൻ സമയ ഡോക്ടർ ഉണ്ടാകണം.
മഴക്കാലമായതിനാൽ ഒട്ടനവധി രോഗങ്ങളാണ് മൃഗങ്ങൾക്ക് ഉണ്ടാകുന്നത്. മൃഗങ്ങളെ പരിശോധിക്കാനും മരുന്ന് നൽകുവാനും ഇൻഷുറൻസ് സർട്ടിഫിക്കറ്റ് അടക്കമുള്ളവ നൽകാനും കക്കാട് മ്യഗാശുപത്രിയിൽ അടയന്തിരമായി ഡോക്ടറെ നിയമിക്കണം.
എെഷ മാധവ് . കൗൺസിലർ
കാർഷിക മേഖലയായ പിറവത്ത് ക്ഷീര കർഷകരുടെ പ്രശ്ന പരിഹാരത്തിന് സ്ഥിര സംവിധാനം ഏർപ്പെടുത്തണം. സിമ്പിൾ തോമസ് , ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ മണ്ഡലം പ്രസിഡന്റ്
ഡോക്ടറെ കാത്ത്കാത്ത്......
കിലോ മീറ്ററുകളോളം താണ്ടി മൃഗാശുപത്രിയിൽ മൃഗങ്ങളുമായി വരുന്ന കർഷകർ മണിക്കൂറുകളോളം ഡോക്ടർ വരുന്നതും നോക്കി നിക്കും.അവസാനം ജീവനക്കാരുടെ പരിശോധനയിൽ ഒരുവിധം തൃപ്തിപ്പെട്ട് പോകും.ഒരു ഫാർമസിസ്റ്റും രണ്ട് അറ്റൻഡർമാരുമാണ് ഇവിടെയുള്ളത്.
തെരുവ് നായ്ക്കളുടെ കടിയേറ്റ വളർത്ത് മൃഗങ്ങൾക്ക് ചികിത്സയില്ല
അടുത്ത മൃഗാശുപത്രിയിൽ എത്താൻ എളുപ്പമല്ല
മരുന്നുകളുമില്ല