#ലോകത്ത് ഇതുവരെ ഈ രോഗം കണ്ടെത്തിയിട്ടുള്ളത് 204 കുട്ടികളിൽ
കൊച്ചി: കുട്ടികളിൽ അപൂർവമായി മാത്രം കണ്ടുവരുന്ന ശ്വാസകോശ മുഴയായ പ്ലൂറോ പൾമണറി ബ്ലാസ്റ്റോമ എന്ന രോഗത്തിൽ നിന്ന് മുക്തി നേടിയതിന്റെ ആശ്വാസത്തിലാണ് മുഹമ്മദ് ഹൈദാൻ എന്ന മൂന്നു വയസുകാരൻ. കോഴിക്കോട് കടലുണ്ടി സ്വദേശിയും യു.എ.ഇയിൽ കൊക്കോ കോള കമ്പനിയിലെ സെയിൽസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനുമായ ഉദൈഫ ഹൈദാൻ-ജുബീന ദമ്പതികളുടെ മൂത്ത മകനാണ് മുഹമ്മദ് ഹൈദാൻ. യു.എ.ഇയിലെ ആശുപത്രിയിലെ പരിശോധനയിലാണ് കുട്ടിയ്ക്ക് രോഗം കണ്ടെത്തിയത്. കാൻസർ രോഗവിദഗ്ധൻ ഡോ.വി.പി ഗംഗാധരന്റെ നിർദ്ദേശപ്രകാരം യു.എ.ഇയിൽ നിന്ന് എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലേയ്ക്ക് കുട്ടിയെ എത്തിച്ചു.
ശ്വാസകോശത്തിന്റെ രണ്ട് അറകളിൽ വലത് ഭാഗം പൂർണമായും ഇടത് അറയുടെ 70 ശതമാനത്തോളവും മുഴ വ്യാപിച്ച അവസ്ഥയിലും കരൾ അടിവയറ്റിലേക്ക് തള്ളിയിറങ്ങിയ നിലയിലുമായിരുന്നു കുട്ടി. ജീവൻ തിരച്ചുപിടിക്കാൻ അടിയന്തര ശസ്ത്രക്രിയയിലൂടെ മാത്രമേ സാധിക്കൂ വെന്ന് മനസിലാക്കിയ ഡോ. ഗംഗാധരൻ കാർഡിയോ തൊറാസിക് സർജനായ ഡോ.നാസർ യൂസഫിനെ ബന്ധപ്പെട്ട് കുട്ടിയുടെ അവസ്ഥ വിവരിച്ചു. ഈ സമയം സാധാരണ നിലയിൽ നിന്ന് ഓക്‌സിജന്റെ അളവ് കുറഞ്ഞും രക്തത്തിൽ കാൽസ്യത്തിന്റെ അളവ് ഇരട്ടിയാകുകയും ചെയ്ത അവസ്ഥയിലായിരുന്നു ഹൈദാൻ. ശ്വാസകോശം ചുരുങ്ങിയ നിലയിലായിരുന്നതിനാൽ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുന്നതും, ശസ്ത്രക്രിയ നടത്തുന്നതും ദുഷ്‌കരമായിരുന്നു.
ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കും എറണാകുളം മെഡിക്കൽ സെന്ററിലെ ശിശുരോഗവിധഗ്ദനായ ഡോ. ടി.വി രവിയുടെയും, അനസ്‌തെറ്റിസ്റ്റുമാരായ ഡോ. മാത്യു വർഗീസ്, ഡോ. ദീപക് ആർ നായർ , നെഫ്രോളജിസ്റ്റ് ഡോ. ജിതിൻ എസ് കുമാർ എന്നിവരുടെ വൈഭവം കൂടി ഉറപ്പാക്കുന്നതിന് മെഡിക്കൽ സെന്ററിലാണ് ശസ്ത്രക്രിയ നടത്തിയത്. ഡോ.നാസർ യൂസഫിന്റെ നേതൃത്വത്തിലുള്ള സംഘം ഏഴ് മണിക്കൂറെടുത്ത് ഓപ്പൺ സർജറിയിലൂടെ ഒന്നരക്കിലോ ഭാരമുള്ള മുഴ നീക്കം ചെയ്തു.ശസ്ത്രക്രിയയ്ക്ക് ശേഷം രണ്ടാഴ്ചത്തെ ആശുപത്രി വാസം കഴിഞ്ഞ് മുഹമ്മദ് ഹൈദാൻ ആരോഗ്യത്തോടെ നാട്ടിലേയ്ക്ക് മടങ്ങി. തുടർന്നുള്ള പരിശോധനകളും ചികിത്സകളും ഡോ. വി.പി.ഗംഗാധരന്റെ നേതൃത്വത്തിലായിരിക്കും. യൂറോപ്യൻ സൊസൈറ്റി ഒഫ് തൊറാസിക് സർജൻസ് അടക്കമുള്ള അന്താരാഷ്ട്ര സംഘടനകൾ ശസ്ത്രക്രിയ നടത്തിയ ഡോ.നാസർ യൂസഫിനെയും സംഘത്തെയും അഭിനന്ദിച്ചു.