ചൊറിച്ചിൽ എന്നർത്ഥം വരുന്ന ‘സോറ’ എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ‘സോറിയാസിസ്’ എന്ന പേര് വന്നത്. പേര് സൂചിപ്പിക്കുന്ന പോലെ അമിതമായ ചൊറിച്ചിൽ, ചുവന്ന കട്ടിയായ ചർമ്മം, ഉണങ്ങിയ വെളുത്ത ചെതുമ്പൽ പോലുള്ള ചർമ്മം കൊഴിഞ്ഞു പോകുക എന്നിവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. ചുവന്ന ചെറിയ കുരുവായി ആദ്യം ദേഹത്ത് പ്രത്യക്ഷപ്പെടുന്ന ഇത് കാലക്രമേണ വലുതായി മേൽപറഞ്ഞ അവസ്ഥയിൽ എത്തുന്നു. ആയുർവേദത്തിൽ ഇതിനെ സിദ്ധ്മ കുഷ്ഠത്തോട് ഉപമിക്കുന്നു.
മാനസിക പിരിമുറുക്കം, പ്രോട്ടീൻ കൂടുതലടങ്ങിയ ആഹാരങ്ങൾ, പാലുല്പന്നങ്ങൾ, ചില കിഴങ്ങ് വർഗങ്ങൾ, മദ്യപാനം, പുകവലി, രക്തദൂഷ്യം തുടങ്ങിയ കാരണങ്ങളാൽ വാതം, കഫം എന്നീ ദോഷങ്ങൾ വർദ്ധിച്ച് രക്തധാതുവിനെ ദുഷിപ്പിക്കുന്നു. ഇത് കാലക്രമേണ ചർമ്മ കോശങ്ങളെ ബാധിക്കുകയും അവ ക്രമാതീതമായ ചർമ്മ വളർച്ചയ്ക്ക് കാരണമാകുകയും ചെയ്യുന്നു. സോറിയാസിസിന്റെ പ്രധാനകാരണം രക്തദുഷ്ടിയാണ്. ഇത്തരം രോഗികൾക്ക് ഉള്ളിൽ നൽകുന്ന എണ്ണ, ശോധനക്രിയകൾ എന്നിവയിലൂടെ രക്തശുദ്ധി വരുത്തിയ ശേഷം അരഗ്വധാദി കഷായം, തിക്തം, കഷായം, പടോലമൂലാഭി കഷായം എന്നീ കഷായങ്ങൾ അവസ്ഥാനുസരണം സേവിക്കണം. അതോടാെപ്പം ത്വക്കിലേക്കുള്ള രക്തപ്രവാഹം വർദ്ധിപ്പിക്കാനും ത്വക്കിന്റെ മാർദ്ദവം കൂട്ടാനും അഭ്യംഗം മുതലായ ക്രിയാക്രമങ്ങൾ ഉപകരിക്കും.
തക്രധാര, തൈലധാര എന്നിവ മാനസിക പിരിമുറുക്കം കുറയ്ക്കാൻ ഉപകരിക്കും. ഇതോടൊപ്പം ശാസ്ത്രീയ ആഹാരവിഹാരങ്ങൾ, കാലാവസ്ഥാ മാറ്റത്തിനനുസരിച്ചുള്ള ദിനചര്യകൾ പാലിക്കുന്നതിനൊപ്പം ആയുർവേദ വിധി പ്രകാരമുള്ള ചിട്ടകൾ പാലിക്കുന്നതും രോഗശമനത്തിന് ഫലപ്രദമായി മാറും.
ഡോ. അഭിലാഷ്. ആർ,
മെഡിക്കൽ ഓഫീസർ,
നാഗാർജുന ആയുർവേദ കേന്ദ്രം,
കാലടി.
ഫോൺ: 9961883334