തൃക്കാക്കര: പ്രേമവും പ്രേമകലഹവുമൊന്നും മിഥുന് പുത്തരിയല്ല. മുൻകാമുകിയുടെ വിവാഹദിവസം മിഥുൻ കൈഞരമ്പ് മുറിച്ച് ആത്മഹത്യാശ്രമം നടത്തിയിരുന്നു. പിന്നീടാണ് ദേവികയുടെ പിന്നാലെ കൂടിയത്. ദേവികയുടെ അമ്മവീട് പറവൂരിനടുത്ത് തത്തപ്പിള്ളിയിലാണ്. മിഥുന്റെ അമ്മയുടെ സഹോദരിയുടെ വീടും അവിടെയാണ്. അവിടെ വച്ചാണ് ഇരുവരും പരിചയപ്പെട്ടതും പ്രണയത്തിലായതും. എന്നാൽ, വേറൊരു പെൺകുട്ടിയുമായി മിഥുന് അടുപ്പമുണ്ടെന്ന് മനസിലാക്കി, രണ്ടുവർഷം നീണ്ട പ്രേമം അവസാനിപ്പിച്ച് ദേവിക പിൻവാങ്ങിയത്രേ. പക്ഷേ, മിഥുൻ പിന്മാറിയില്ല.
ദേവികയുടെ വീട്ടുകാർ കഴിഞ്ഞ തിങ്കളാഴ്ച കാക്കനാട് ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിൽ മിഥുന്റെ ശല്യത്തെക്കുറിച്ച് പരാതി നൽകി. ചൊവ്വാഴ്ച ഇരുവീട്ടുകാരെയും വിളിച്ചുവരുത്തി മാരത്തൺ ചർച്ചയിലൂടെയാണ് പൊലീസ് ഒത്തുതീർപ്പുണ്ടാക്കിയത്. മിഥുനെ ഇഷ്ടമല്ലെന്ന് ദേവിക തീർത്തുപറഞ്ഞു. ഇനി അന്യോന്യം ശല്യം ചെയ്യില്ലെന്ന വ്യവസ്ഥയിലായിരുന്നു ഒത്തുതീർപ്പ്.
എന്നിട്ടും ബുധനാഴ്ച വൈകിട്ട് ദേവികയെ കാണാൻ മിഥുൻ അത്താണിയിലെ ട്യൂഷൻ സെന്ററിലെത്തി. "അവസാനമായുള്ള അവസരമാണെന്നും നിനക്ക് എന്നെ ഇഷ്ടമാണോ" എന്നും ചോദിച്ചു. ഇല്ലെന്ന് പെൺകുട്ടി പരസ്യമായി ആവർത്തിച്ചതോടെ 'നിന്നെ ശരിയാക്കിത്തരാം' എന്ന് ഭീഷണിപ്പെടുത്തി മടങ്ങുകയായിരുന്നു. അന്ന് രാത്രി തന്നെ അരുംകൊല നടത്തി.
പൾസറിൽ വന്ന പിശാച്
ബുധനാഴ്ച അർദ്ധരാത്രിയോടെ ദേവികയുടെ വീട്ടിൽ മിഥുൻ എത്തിയത് ബജാജ് പൾസർ ബൈക്കിൽ. പെട്രോൾ നിറച്ച കുപ്പിയും ലൈറ്ററും കൈയിലുണ്ടായിരുന്നു. സംഭവസ്ഥലത്തുനിന്ന് പൊലീസ് ഇവ കണ്ടെടുത്തു.
എല്ലാവർക്കും പ്രിയങ്കരി
അയൽവാസികൾക്കും സഹപാഠികൾക്കും പ്രിയങ്കരിയായിരുന്നു ദേവിക. പഠിക്കാനും മിടുക്കി.
മിഥുനും ദേവികയും പ്രണയത്തിലായിരുന്നെന്ന് കൂട്ടുകാരി ജയലക്ഷ്മി പറഞ്ഞു. ഇക്കാര്യം ഇരു കുടുംബങ്ങൾക്കും അറിയാമായിരുന്നു. സ്വന്തം പ്രശ്നങ്ങൾ ആരെയും അറിയിക്കുന്ന പ്രകൃതക്കാരിയല്ല. മൂന്ന് ദിവസമായി ദേവിക വളരെ വിഷമത്തിലായിരുന്നെന്നും ജയലക്ഷ്മി പറഞ്ഞു.