വൈപ്പിൻ: ഒരുവർഷത്തോളമായി തകർന്നുകിടക്കുന്ന ഞാറക്കൽ - മഞ്ഞനക്കാട് റോഡിന്റെയും കല്ലുമഠം പാലത്തിന്റെ കൈവരിയുടെയും പുനർനിർമ്മാണം ഉടനെ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഗോശ്രീ മനുഷ്യാവകാശ സംരക്ഷണസമിതി ഇന്ന് രാവിലെ 10ന് ഞാറയ്ക്കൽ പൊതുമരാമത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തും. സമിതി ചെയർമാൻ പോൾ ജെ. മാമ്പിള്ളി ഉദ്ഘാടനം ചെയ്യും
റോഡിന്റെ പുനർനിർമ്മാണം 80 ലക്ഷത്തോളം രൂപ ചെലവിൽ മൂന്നുവർഷം മുൻപ് നടത്തിയിരുന്നു. എന്നാൽ ഒരുവർഷമായി ഈ റോഡിന്റെ സ്ഥിതി വളരെ ശോചനീയാവസ്ഥയിലാണ്. നിർമ്മാണത്തിലെ അപാകതയും ഉദ്യോഗസ്ഥരുടെ വീഴ്ചയുമാണ് കാരണമെന്നാണ് ആരോപണം. ഇതുവഴി ഓടുന്ന നിരവധി വാഹനങ്ങൾ ചെളിക്കുണ്ടിലൂടെയാണ് സഞ്ചരിക്കുന്നത്. കാൽനടക്കാർക്ക് യാത്ര ചെയ്യുവാൻ ബുദ്ധിമുട്ട് നേരിടുന്നു. കല്ലുമഠം പാലത്തിന്റെ കൈവരികൾ തകർന്നതിനാൽ യാത്രക്കാരും വാഹനങ്ങളും വളരെ ഭയത്തോടെയാണ് ഇതുവഴി സഞ്ചരിക്കുന്നത്. മഞ്ഞനക്കാട് റോഡിന്റെ തുടക്കത്തിലുള്ള കലുങ്ക് ഇടിഞ്ഞതുമൂലം അപകടാവസ്ഥ നിലനിൽക്കുകയാണ്.