തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ഗവ: താലൂക്ക് ആശുപത്രിയിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നത് രോഗികളെയും നാട്ടുകാരെയും വലയ്ക്കുന്നു.
പരിസരമാകെ രൂക്ഷഗന്ധവും, പുകയും സദാസമയവും ഉണ്ട്. കൊച്ചു കുട്ടികൾ ഉൾപ്പെടെ നൂറു കണക്കിന് രോഗികളെ കിടത്തി ചികിത്സിക്കുന്നതും ,അവരുടെ കൂട്ടിരിപ്പുകാരും ഉൾപ്പെടെ ,നിരവധി ആളുകൾ നിത്യേന വന്ന് പോകുന്നതും ,നൂറ് കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന ആർ.എൽ.വി സ്‌ക്കൂളും ,കോളേജും സ്ഥിതിചെയ്യുന്നതും ഈ ആശുപത്രിക്കടുത്താണ് . ഇൻസിനറേറ്റർ സ്ഥാപിക്കാതെ പകൽ സമയങ്ങളിൽ താലൂക്ക് ആശുപത്രിയിൽ ദിവസേന മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ച് അന്തരീക്ഷ മലിനീകരണം ഉൾപ്പെടെ ,മാരക രോഗങ്ങൾക്ക് വഴിവെക്കുന്നു .
#ഇൻസിനറേറ്റർ സ്ഥാപിക്കണം
ഇൻസിനറേറ്റർ സ്ഥാപിക്കണമെന്ന് പലപ്രാവിശ്യം പരിസരവാസികൾ ഉൾപ്പെടെയുള്ളവർ ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടിട്ടും നാളിതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലായെന്നും ,രോഗിയായി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവർ മാറാരോഗികളായി മാറുന്ന അവസ്ഥയാണ് ഇവിടെയുള്ളതെന്നും ഇവർ പറഞ്ഞു .
# പരാതി പറഞ്ഞിട്ടും രക്ഷയില്ല
ആശുപത്രിയിൽ എത്തുന്ന രോഗികൾ ഉൾപ്പെടെയുള്ളളവർക്ക് ശ്വാസംമുട്ടും ,കണ്ണെരിച്ചിലും അനുഭവപ്പെടാറുണ്ടെന്നും പരാതി പറഞ്ഞാലും കേട്ട ഭാവം കാണിക്കാറില്ലെന്നും രോഗികൾ പറയുന്നു .