# പോഷക സംഘടനകളുടെ സംയുക്തയോഗങ്ങൾ നാളെ മുതൽ
ആലുവ: സി.പി.എമ്മിൽ നിന്ന് വേർപിരിഞ്ഞ് വി.ബി. ചെറിയാൻ രൂപീകരിച്ച എം.സി.പി.ഐ.യുവും (മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യ യുണൈറ്റഡ്) ടി.പി. ചന്ദ്രശഖേരൻ രൂപീകരിച്ച ആർ.എം.പി.ഐയും (റവല്യൂഷണറി മാർക്സി സ്റ്റ് പാർട്ടി ഒഫ് ഇന്ത്യ) ലയിച്ച് ഒറ്റപ്പാർട്ടിയാകുമെന്ന് ഇരുപാർട്ടികളുടെയും നേതാക്കൾ സംയുക്ത പത്രസമ്മേളനത്തിൽ അറിയിച്ചു.
ലയനത്തിന് മുന്നോടിയായി ഇരുപാർട്ടികളുടെയും കേന്ദ്രകമ്മിറ്റി ഹൈദരാബാദിൽ ചേർന്ന് രൂപരേഖ തയ്യാറാക്കി. സംയുക്ത പോഷകസംഘടനാ യോഗങ്ങൾ നാളെ മുതൽ ആരംഭിക്കും. ദേശീയ കർഷക സംഘടനയുടെയും മഹിളാ സംഘടനകളുടെയും യോഗം നാളെ (ശനി), ഞായർ ദിവസങ്ങളിൽ എറണാകുളത്ത് നടക്കും. യുവജന സംഘടനകളുടെ യോഗം നവംബർ 1,2 തീയതികളിൽ ഡൽഹിയിലാണ്. ഡിസംബർ 15ന് ചെന്നൈയിൽ പാർട്ടികൾ സംയുക്തമായി ദേശീയസെമിനാർ സംഘടിപ്പിക്കും.
ഇരുപാർട്ടികളും ലയിക്കുന്നതോടെ കൂടുതൽ സംസ്ഥാനങ്ങളിൽ ഘടകങ്ങളുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയായി മാറുമെന്ന് എം.സി.പി.ഐ.യു സംസ്ഥാന സെക്രട്ടറി ടി.എസ്. നാരായണൻ , ആർ.എം.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം കെ.എസ്. ഹരിഹരൻ എന്നിവർ പറഞ്ഞു. സംസ്ഥാനത്ത് നടക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ ആർക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല. മൂന്ന് മുന്നണികളും ആഗോളീകരണ - ഫാസിസ്റ്റ് നയങ്ങളാണ് നടപ്പാക്കുന്നതെന്ന് ഇരുവരും ആരോപിച്ചു. എം.സി.പി.ഐ.യു കേന്ദ്ര കമ്മിറ്റിഅംഗങ്ങളായ പി. കൃഷ്ണമ്മാൾ, വി.എസ്. മോഹൻലാൽ, എം. ശ്രീകുമാർ, പി.പി. സാജു, വിശ്വകലാ തങ്കപ്പൻ എന്നിവരും പത്രസമ്മേളനത്തിൽ സംബന്ധിച്ചു.
പുറത്താക്കപ്പെട്ടവർ പേരും കൊടിയും ദുരുപയോഗിക്കുന്നതായി പരാതി
സംഘടനാവിരുദ്ധ പ്രവർത്തനത്തിന് പുറത്താക്കപ്പെട്ടവർ പാർട്ടിയുടെ പേരും കൊടിയും ദുരുപയോഗം ചെയ്യുന്നതായി ആരോപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതായി എം.സി.പി.ഐ.യു സംസ്ഥാന സെക്രട്ടറി ടി.എസ്. നാരായണൻ പറഞ്ഞു. പുറത്താക്കപ്പെട്ടവർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ നിന്ന് രാജിവച്ചവരും പുറത്താക്കപ്പെട്ടവരും നിരവധിയുണ്ട്. ഇവരാരും പുറത്താക്കപ്പെട്ട പാർട്ടിയുടെ പേരും കൊടിയും ഉപയോഗിച്ച ചരിത്രമുണ്ടായിട്ടില്ല. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ എം.ഡി. ഗൗസ് ജനറൽ സെക്രട്ടറിയായ എം.സി.പി.ഐ.യുവിനെയാണ് അംഗീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.