devika

പൊള്ളലേറ്റ യുവാവും മരിച്ചു

തൃക്കാക്കര: പ്രണയം നിരസിച്ചതിന്റെ പകയിൽ പ്ളസ് ടു വിദ്യാർത്ഥിനിയെ യുവാവ് അർദ്ധരാത്രി വീട്ടിൽ കയറി പെട്രോളൊഴിച്ച് തീ വച്ച് കൊലപ്പെടുത്തി. ആക്രമണത്തിനിടെ സാരമായി പൊള്ളലേറ്റ യുവാവും മരണമടഞ്ഞു.

കാക്കനാട് അത്താണി മണ്ണോർക്കാട്ട്മൂല പത്മാലയത്തിൽ ഷാലൻ - മോളി ദമ്പതികളുടെ മകൾ ദേവികയും (17) നോർത്ത് പറവൂർ പാടത്തുവീട്ടിൽ ഉദയന്റെ മകൻ മിഥുനും (27) ആണ് മരിച്ചത്. അകന്ന ബന്ധുക്കളാണ് ഇരുവരും. എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് ദേവിക.

ബുധനാഴ്ച രാത്രി പതിനൊന്നരയോടെ ബൈക്കിൽ ദേവികയുടെ വീട്ടിലെത്തിയ മിഥുൻ വീട്ടുകാരെ വിളിച്ചുണർത്തുകയായിരുന്നു. ഷാലനും ഭാര്യയും പുറത്തുനിന്ന് സംസാരിക്കവേ ഒറ്റമുറി വീട്ടിലേക്ക് തള്ളിക്കയറിയ മിഥുൻ ദേവികയുടെ ദേഹത്തേക്ക് രണ്ട് ലിറ്ററിന്റെ പ്ളാസ്റ്റിക്ക് കുപ്പിയിൽ കൊണ്ടുവന്ന പെട്രോൾ ഒഴിച്ച് ലൈറ്റർ കത്തിച്ച് തീ കൊളുത്തുകയായിരുന്നു. മരണവെപ്രാളത്തിൽ പുറത്തേക്ക് ഓടാൻ ശ്രമിച്ച ദേവികയെ വട്ടം ചുറ്റിപ്പിടിച്ച മിഥുന്റെ ദേഹത്തേക്കും തീ ആളിപ്പടർന്നു. മകളെ രക്ഷിക്കാൻ ശ്രമിച്ച അച്ഛൻ ഷാലനും അമ്മ മോളിക്കും അനുജത്തി രേവതിക്കും പൊള്ളലേറ്റു. അലമുറ കേട്ട് ഓടിയെത്തിയ സമീപവാസികളാണ് തീ അണച്ചത്.

ദേവിക വീട്ടിൽ വച്ചും മിഥുൻ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയും മരിച്ചു. വയറിലും തലയ്ക്കും ഗുരുതരമായി പൊള്ളലേറ്റ ഷാലൻ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. അമ്മയെയും അനുജത്തിയെയും തൃക്കാക്കര സഹകരണ ആശുപത്രിയിൽ ചികിത്സ നൽകി ഇന്നലെ വൈകിട്ട് ഡിസ്ചാർജ് ചെയ്തു.

രണ്ടു വർഷമായി ദേവികയുമായി പ്രണയത്തിലായിരുന്നു യുവാവ്. മറ്റൊരു പെൺകുട്ടിയുമായുള്ള അടുപ്പത്തിന്റെ പേരിൽ ദേവിക അടുത്തിടെ മിഥുനിൽ നിന്ന് അകന്നതാണ് പ്രശ്നമായത്. മകളെ നിരന്തരം ശല്യം ചെയ്യുന്നതിനാൽ ഷാലൻ ഇൻഫോപാർക്ക് പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് ഇരുവീട്ടുകാരെയും വിളിച്ചുവരുത്തി ഒത്തുതീർപ്പുണ്ടാക്കി രണ്ട് ദിവസം കഴിഞ്ഞാണ് സംഭവമുണ്ടായത്.

ഇൻഫോപാർക്ക് എസ്‌.ഐ എ.എൻ. ഷാജുവിന്റെ നേതൃത്വത്തിലാണ് ദേവികയെയും മിഥുനെയും ഷാലനെയും മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്.

ദേവികയുടെ മൃതദേഹം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി. വീട്ടിൽ പൊതുദർശനത്തിന് വച്ച ശേഷം അത്താണി പൊതുശ്‌മശാനത്തിൽ സംസ്‌കരിച്ചു. യുവാവിന്റെ മൃതദേഹം പറവൂർ തോന്ന്യകാവിലെ പൊതുശ്‌മശാനത്തിൽ സംസ്കരിച്ചു.

വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, തൃക്കാക്കര നഗരസഭാ അദ്ധ്യക്ഷ ഷീല ചാരു തുടങ്ങി നൂറുകണക്കിനാളുകൾ ദേവികയ്‌ക്ക് അന്തിമോപചാരം അർപ്പിക്കാനെത്തി.