ആലുവ: കെ.എസ്.ആർ.ടി.സി ആലുവ ഡിപ്പോയിൽ നിന്ന് പള്ളിക്കര, കിഴക്കമ്പലം റൂട്ടിൽ തൃപ്പൂണിത്തുറക്ക് നടത്തിയിരുന്ന ചെയിൻ സർവീസ് നിർത്തലാക്കിയത് യാത്രക്കാരെ ദുരിതത്തിലാക്കി. ഈ മാസം എട്ട് മുതലാണ് മുന്നറിയിപ്പില്ലാതെ സർവീസ് നിർത്തലാക്കിയത്. എട്ട് ബസുകൾ സർവീസ് നടത്തിയിരുന്ന റൂട്ടിൽ ഓരോ ബസിലും പതിനായിരത്തിനടുത്ത് കളക്ഷൻ നേടിയിരുന്നു. കെ.എസ്.ആർ.ടി.സി സർവീസ് യാത്രക്കാർക്കിടയിൽ സ്വീകാര്യമായി വന്നിരുന്നതുമാണ്. കോടതിവിധി പ്രകാരം താത്കാലിക ഡ്രൈവർമാരെ ഒഴിവാക്കപ്പെട്ടതിന്റെ പേരിലാണ് സർവീസുകൾ പിൻവലിക്കപ്പെട്ടതെന്നാണ് ബന്ധപ്പെട്ട അധികൃതർ പറയുന്നത്. ആലുവ സ്റ്റാൻഡ് നിർമ്മാണത്തിലെ താമസവും ഷെഡ്യൂളുകളൂടെ ഒാപ്പറേഷനുകൾക്കുള്ള അപര്യാപ്തതയും വലിയ യാത്രാപ്രശ്‌നങ്ങൾക്ക് ഇടയാക്കുന്നതാണെന്നും ഇക്കാര്യങ്ങളിൽ അടിയന്തര പരിഹാര നടപടി ഉണ്ടാവണമെന്നും സി.പി.എം ഏരിയ സെക്രട്ടറി എ.പി. ഉദയകുമാർ ആവശ്യപ്പെട്ടു.