പറവൂർ : നഗരസഭയുടെ മാസ്റ്റർ പ്ലാനിൽ കൗൺസിലിൽ നിർദ്ദേശിച്ച മുഴുവൻ ഭേദഗതികളിൽ അംഗീകാരമില്ല. സീനിയർ ടൗൺ പ്ലാനർ അംഗീകരിച്ചതും അംഗീകരിക്കാത്തതുമായ വിവരങ്ങൾ നഗരസഭയ്ക്ക് നൽകി. കൗൺസിലിന്റെ ചില തീരുമാനങ്ങൾ സീനിയർ ടൗൺ പ്ലാനർ പരിഗണിച്ചിട്ടുണ്ട്. മാസ്റ്റർ പ്ലാനിന്മേൽ വീണ്ടും കൗൺസിൽ ഉന്നയിച്ച അഭിപ്രായങ്ങളും സ്റ്റിയറിംഗ് കമ്മിറ്റിയുടെ അഭിപ്രായങ്ങളുമാണ് സീനിയർ ടൗൺ പ്ലാനറുടെ ഓഫീസ് പരിഗണിച്ചത്.

28 മേയിൽ ചേർന്ന കൗൺസിൽ പതിനൊന്ന് അഭിപ്രായങ്ങളാണ് സമർപ്പിച്ചിരുന്നത്. നഗരസഭയിലെ അംഗൻവാടികൾ, ആരാധനാലയങ്ങൾ, ശ്മശാനങ്ങൾ, ഗവ.സ്ഥാപനങ്ങൾ, സ്കൂളുകൾ, മുനിസിപ്പൽ ഓഫീസ്, മറ്റ് പൊതു സ്ഥാപനങ്ങൾ, മാർക്കറ്റുകൾ, നഗരസഭാ ആസ്തികൾ എന്നിവ മാസ്റ്റർ പ്ലാനിൽ ചേർക്കണമെന്ന നഗരസഭയുടെ അഭിപ്രായത്തിൽ തീരുമാനമായില്ല. ദേശീയപാതയുടെയും 10 മീറ്ററിന് മുകളിലുള്ള റോഡുകളുടെ ഇരുവശങ്ങളിലും മിക്സഡ് യൂസ് രേഖപ്പെടുത്താൻ അനുവാദമില്ല. പെരുമ്പടന്ന മാർക്കറ്റ് ഉൾപ്പെടുന്ന സ്ഥലം ഡ്രൈ കൾട്ടിവേഷൻ ഏരിയയായി കാണിച്ചിട്ടുള്ളതിനാൽ ഉൾപ്പെടുത്തില്ല.

സീനിയർ ടൗൺ പ്ലാനർ ജെ. ജയകുമാറാണ് നഗരസഭയുടെ അഭിപ്രായങ്ങളിൽ ചിലത് അംഗീകരിച്ചതായി നഗരസഭയെ അറിയിച്ചത്. ബുധനാഴ്ച കൂടിയ കൗൺസിലർമാരുടെ യോഗത്തിൽ ഈ വിവരങ്ങൾ ചെയർമാൻ അവതരിപ്പിച്ചു. ഉപതിരഞ്ഞെടുപ്പിന് ശേഷം കൗൺസിൽ കൂടി വിഷയം ചർച്ച ചെയ്ത് അംഗീകാരം നേടുമെന്ന് ചെയർമാൻ രമേഷ് ഡി. കുറുപ്പ് പറഞ്ഞു.

# നന്തികുളങ്ങര - വാണിയക്കാട് റോഡും കോൺവെന്റ് റോഡും ന്യൂ ലിങ്കാക്കിയത് ഒഴിവാക്കും.

# വെടിമറ - നന്തികുളങ്ങര റോഡിന്റെ വീതി 15 ൽ നിന്നും 12 മീറ്ററായി കുറക്കും.

# കിഴക്കേപ്രം - ജനത റോഡ് ഏഴ് മീറ്ററായി നിലനിർത്തും.

# കണ്ണംചിറ - പെരുമ്പടന്ന റോഡ് ജിഡ പദ്ധതിയിൽ ഉൾപ്പെട്ടതായതിനാൽ വീതി 15 ൽ നിന്നും 12 മീറ്ററായി കുറക്കുന്നതിനുള്ള നിർദ്ദേശം പരിഗണിച്ചില്ല.

# പല്ലംതുരുത്ത് റോഡ് 10 മീറ്ററിൽ നിന്ന് 7 മീറ്ററായി നിലനിർത്തണമെന്ന നിർദ്ദേശവും അംഗീകരിച്ചില്ല.