അങ്കമാലി: അങ്കമാലിയിൽ ആറുവരി ഇൻഡസ്ട്രിയൽ ഇടനാഴിക്ക്പകരം ബൈപ്പാസ് പദ്ധതി യാഥാർത്ഥ്യമാക്കണമെന്ന് അങ്കമാലി മർച്ചന്റ്‌സ് അസോസിയേഷൻ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജനവാസ കേന്ദ്രങ്ങളും വ്യാപാര കേന്ദ്രങ്ങളും ഒഴിവാക്കി പദ്ധതിയുടെ രൂപകല്പന നടത്തുന്നതിന് ആവശ്യമായ പഠനം നടത്തണം. കരയാംപറമ്പ് നിന്നാരംഭിച്ച് റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിൽ അവസാനിക്കുന്ന രീതിയിൽ സർവേ നടത്തിയിട്ടുള്ള ബൈപ്പാസ് യാഥാർത്ഥ്യമാക്കുക എന്നത് മാത്രമാണ് ശാശ്വത പരിഹാരമാർഗമെന്ന് അങ്കമാലി മർച്ചന്റ്‌സ്
അസോസിയേഷൻ പ്രസിഡന്റ് എൻ.വി. പോളച്ചനും ജനറൽ സെക്രട്ടറി ഡാന്റി ജോസും അഭിപ്രായപ്പെട്ടു.
കഴിയുന്നത്ര പുനരധിവാസവും ജനവാസ,വ്യാപാര മേഖലകളെ പരമാവധി ഒഴിവാക്കുന്ന സമീപനവും അധികാരികളുടെ ഭാഗത്ത് നിന്നുണ്ടാകണം. ഇക്കാര്യങ്ങൾ സൂചിപ്പിച്ചുകൊണ്ടുള്ള നിവേദനങ്ങൾ കേന്ദ്രമന്ത്രി, മുഖ്യമന്തി, വകുപ്പ് മന്തി, എം.പി., എം.എൽ.എ എന്നിവർക്ക് സമർപ്പിക്കും. ടൗണിൽ നടക്കുന്ന അനധികൃത
വ്യാപാരങ്ങൾ നിരോധിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.