ആലുവ: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മയക്കുമരുന്നുകൾ വിതരണം ചെയ്യുന്ന മാഫിയ സംഘത്തിലെ കണ്ണി ആലുവയിൽ റേഞ്ച് എക്‌സൈസിന്റെ പിടിയിലായി. തോപ്പുംപടി വാലുമേൽ പ്രതീക്ഷനഗറിൽ ബിനുവിനെ (26) ആണ് ഇൻസ്‌പെക്ടർ ടി.കെ. ഗോപിയുടെ നേതൃത്വത്തിലുള്ള ഷാഡോ സംഘം അറസ്റ്റ് ചെയ്തത്.
ദേശീയപാതയിൽ മുട്ടത്തിന് സമീപം മയക്കുമരുന്ന് കൈമാറുന്നതിന് ഇടനിലക്കാരനെ കാത്ത് നിൽക്കുമ്പോഴാണ് പിടിയിലായത്. മയക്കുമരുന്ന് ലഹരിയിലായിരുന്ന ഇയാളെ ബലപ്രയോഗത്തിലൂടെയാണ് കീഴ്പ്പെടുത്തിയത്. പ്രതിയിൽ നിന്ന് 50 നൈട്രോസെപാം മയക്കുമരുന്ന് ഗുളികകൾ പിടിച്ചെടുത്തു. പിടിച്ചുപറി, അടിപിടി, മോഷണം തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണ്. അഞ്ചുവർഷത്തെ തടവുശിക്ഷ കഴിഞ്ഞ് എട്ടുമാസം മുമ്പാണ് ഇയാൾ ജയിൽ മോചിതനായത്. തുടർന്ന് ഇയാൾ മയക്കുമരുന്ന് കടത്തിലേക്ക് തിരിയുകയായിരുന്നു.
കഴിഞ്ഞ മാസം മൂന്ന് പേർ മയക്കുമരുന്നു ഗുളികകളുമായി എക്‌സൈസ് ഷാഡോ സംഘത്തിന്റെ പിടിയിലായിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാൾ അറസ്റ്റിലായത്. സേലത്ത് നിന്ന് മയക്കുമരുന്നുകൾ വാങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇടനിലക്കാർക്ക് കൈമാറുകയായിരുന്നു. ഇയാളിൽ നിന്ന് മയക്കുമരുന്നുകൾ വാങ്ങുന്നവർ ഒളിവിലാണെന്നും ഉപഭോക്താക്കളെ കേന്ദ്രീകരിച്ച് അന്വേഷിക്കുമെന്നും കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും എക്‌സൈസ് അധികൃതർ അറിയിച്ചു.
എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എ.എസ്. രഞ്ജിത്തിന്റെ മേൽനോട്ടത്തിൽ ആലുവ റേഞ്ചിൽ രൂപികരിച്ചിട്ടുള്ള ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഷാഡോ ടീമിന്റെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രിവന്റീവ് ഓഫീസർ എ. വാസുദേവൻ, ടീമംഗങ്ങളായ എൻ.ഡി. ടോമി, എൻ.ജി. അജിത്കുമാർ, സിവിൽ എക്‌സൈസ് ഓഫീസർ സിയാദ്, സുനിൽ കുമാർ തുടങ്ങിയവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.