കൊച്ചി: ദസറ അവധിക്കു ശേഷം സുപ്രീം കോടതി തിരുത്തൽ ഹർജി പരിഗണിക്കുന്ന സാഹചര്യത്തിൽ മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള നടപടിക്ക് സർക്കാർ സാവകാശം നൽകണമെന്ന് 'ജയിൻ കോറൽ കോവി'ലെ ഉടമകൾ ആവശ്യപ്പെട്ടു. സുപ്രീം കോടതി രൂപീകരിച്ച മൂന്നംഗ കമ്മിറ്റിയുടെ തെറ്റായ റിപ്പോർട്ടാണ് പൊളിക്കണമെന്ന വിധിക്കു കാരണം. അത് വ്യക്തമാക്കി സർക്കാർ വീണ്ടുമൊരു സത്യവാങ്മൂലം സമർപ്പിക്കണം. ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് മരടിൽ സംഭവിച്ചതെന്ന് സർക്കാർ ഏറ്റുപറയണം. അത്തരത്തിൽ ഒരു സത്യവാങ്മൂലംകൂടി നൽകിയിരുന്നെങ്കിൽ ഫ്ലാറ്റ് പൊളിക്കൽ ഒഴിവാക്കാമായിരുന്നു. ഉദ്യോഗസ്ഥരുടെ വീഴ്ച്ചയ്ക്ക് സർക്കാരിന് ഉത്തരവാദിത്വമുണ്ട്. മരടിലെ ഇപ്പോഴത്തെ സംഭവങ്ങൾക്കു പിന്നിൽ സർക്കാർ ഉദ്യോഗസ്ഥരും ഫ്ലാറ്റ് നിർമാതാക്കളും ബാങ്കുകളും ഉൾപ്പെടുന്ന ലോബികൾ തമ്മിലുള്ള അവിഹിത ബന്ധങ്ങളാണ്. പൊളിക്കുന്നതിന് സാവകാശം ലഭിച്ചില്ലെങ്കിൽ ഇവർക്കെതിരെ നടപടികളുമായി മുന്നോട്ടുപോകും. നാലു ദിവസംകൊണ്ട് താമസക്കാരെ ഒഴിപ്പിക്കാനും മൂന്നു മാസംകൊണ്ട് പൊളിക്കാനും സുപ്രീം കോടതിയിൽ ആക്ഷൻ പ്ലാൻ നൽകിയ സർക്കാർ നടപടി തെറ്റായ സമീപനമാണെന്ന് അവർ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. സുപ്രീം കോടതിയിൽ റിട്ട് ഹർജിയും റിവ്യു ഹർജിയും ഇപ്പോൾ തിരുത്തൽഹർജിയും ഫയൽ ചെയ്ത അഡ്വ. മനോജ് സി. നായർ, തോമസ് ഏബ്രഹാം, സൈമൺ ഏബ്രഹാം, കൃഷ്ണകുമാർ എന്നിവരും പങ്കെടുത്തു.