ആലുവ: കുറ്റിപ്പുഴ കൃഷ്ണപിള്ള സ്മാരക ലൈബ്രറി വളപ്പിൽ ആരംഭിക്കാനിരുന്ന നിർദ്ദിഷ്ട കുടിവെള്ളപ്ലാന്റ് മാറ്റി സ്ഥാപിക്കുമെന്ന് നഗരസഭ ചെയർപേഴ്‌സൺ ലിസി എബ്രഹാം അറിയിച്ചു. ലൈബ്രറി പരിസരം വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനെതിരെ പ്രതിഷേധം ഉയർന്നതിനെത്തുടർന്നാണ് തീരുമാനം.

കോൺഗ്രസ് ഭരിക്കുന്ന നഗരസഭയിൽ പാർലമെന്ററി പാർട്ടി യോഗം ചേർന്നാണ് പുതിയ തീരുമാനമെടുത്തത്. പ്രതിപക്ഷവുമായി ചർച്ച നടത്തി പുതിയ സ്ഥലം കണ്ടെത്തുമെന്നും ചെയർപേഴ്‌സൺ പറഞ്ഞു.

നിർദ്ധനരായ കുടുംബശ്രീ അംഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ടാണ് എൻ.യു.എൽ.എം. പദ്ധതിയിൽ ഉൾപ്പെടുത്തി കുടിവെള്ള വിതരണ പദ്ധതി (ആർ.ഒ. പ്ലാന്റ്) തുടങ്ങാൻ തീരുമാനിച്ചത്. ലൈബ്രറിയുടെ ഒഴിഞ്ഞുകിടക്കുന്ന രണ്ട് സെന്റ് സ്ഥലമാണ് കണ്ടെത്തിയത്. എന്നാൽ ലൈബ്രറി പൊളിച്ചുനീക്കി കുടിവെള്ള വിതരണ പദ്ധതി ആരംഭിക്കുന്നുവെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് ഉണ്ടായതെന്ന് ചെയർപേഴ്‌സൺ പറഞ്ഞു.
അഞ്ച് കുടുംബങ്ങൾക്ക് ഗുണപ്രദമാകുന്ന പദ്ധതിയാണെന്നും പരിസ്ഥിതി മലിനീകരണ പ്രശ്‌നങ്ങൾ ഉണ്ടാക്കില്ലെന്നും ചെയർപേഴ്സൺ പറഞ്ഞു. പ്രതിദിനം 2000 ലിറ്റർ വെള്ളം മാത്രമാണ് വിതരണം ചെയ്യുന്നതിനായി ശേഖരിക്കുന്നത്. 20 ലിറ്ററിന്റെ കാൻ മുപ്പതുരൂപ നിരക്കിലാണ് വിതരണം ചെയ്യാൻ ഉദ്ദേശിച്ചിരുന്നത്. ദിനം പ്രതി ലക്ഷകണക്കിന് ലിറ്റർ കുടിവെള്ളമൂറ്റി വില്പന നടത്തുന്ന ലോബി നഗരസഭയുടെ പ്ലാന്റിനെതിരെ പ്രവർത്തിക്കുന്നതായി സംശയിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.