#ഏഷ്യയിൽ നിന്നുമുള്ള ആദ്യത്തെ പ്രസിഡന്റ്
കൊച്ചി: ന്യൂയോർക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ അക്കാഡമി ഒഫ് ഓറൽ ഓങ്കോളജിയുടെ പ്രസിഡന്റായി കൊച്ചി കാൻസർ റിസർച്ച് സെന്റർ ഡയറക്ടർ ഡോ. മോനി കുര്യാക്കോസിനെ തിരഞ്ഞെടുത്തു. യു.എസ്.എ, യു.കെ എന്നീ സ്ഥലങ്ങളിൽ നിന്നുമാണ് ഇതുവരെ പ്രസിഡന്റായി തിരഞ്ഞെടുത്തിരുന്നത്.
41 രാജ്യങ്ങളിൽ നിന്നുമുള്ള അംഗങ്ങളാണ് സംഘടനയിൽ പ്രവർത്തിക്കുന്നത്. അർബുദ മേഖലയിലെ ഗവേഷണം, ചികിത്സാ രീതികൾ, പരിശീലന മേഖലകൾ എന്നിവയെ കുറിച്ചാണ് സംഘടന ചർച്ച ചെയ്യുന്നത്. അടുത്ത രണ്ട് വർഷത്തേക്കുള്ള ലക്ഷ്യം അക്കാദമിയുടെ നാലംഗ സമിതിയ്ക്ക് മുന്നിൽ അവതരിപ്പിക്കണം. ഇതിലൂടെയാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. സാങ്കേതിക വിദ്യ ഉപയോഗിച്ച് എങ്ങനെ അർബുദ ചികിത്സാ രീതികൾ മെച്ചപ്പെടുത്താം എന്നും ഗ്രാമങ്ങളിലേക്കും അത്യാധുനിക ചികിത്സാ രീതികൾ എത്തിക്കുന്നതിനെയും കുറിച്ചാണ് ഡോ.മോനി കുര്യാക്കോസ് അവതരിപ്പിച്ചത്. വിഷയാവതരണം കേട്ടതിന് ശേഷം നാലംഗ സമിതി 12 അംഗ ഗവേണിംഗ് ബോഡിയ്ക്ക് മുന്നിൽ വിഷയം അവതരിപ്പിക്കുകയും തുടർന്ന് ഡോ.മോനിയെ തിരഞ്ഞെടുക്കുകയുമായിരുന്നു. അമേരിക്കയിലും യു.കെ യിലുമായി 17 വർഷത്തോളം പരിശീലനം നേടുകയും സേവനം അനുഷ്ഠിക്കുകയും ചെയ്തിട്ടുള്ള ഇദ്ദേഹം ഹെഡ് ആൻഡ് നെക്ക് ഓങ്കോളജി ട്രാൻസിലേഷണൽ റിസേർച്ച് പ്രോഗ്രാം ഒഫ് ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയുടെ ഡയറക്ടറായും വിവിധ ആശുപത്രികളിലും സംഘടനകളിലും പ്രവർത്തിച്ചിട്ടുണ്ട്.
#യൂറോപ്പിൽ നിന്നും നോർത്ത് അമേരിക്കയിൽ നിന്നുമാണ് ഇതുവരെ പ്രസിഡന്റുമാരെ തിരഞ്ഞെടുത്തിട്ടുള്ളത്. അംഗങ്ങൾ നോമിനേറ്റ് ചെയ്യുന്ന ആളുകളായിരിക്കും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുക. എന്നാൽ നോമിനേറ്റ് ചെയ്യുന്നവരുടെ പേരുകൾ പുറത്തുപറയാത്തതിനാൽ തന്നെ ആരാണ് നോമിനേറ്റ് ചെയ്തതെന്ന് അറിയില്ലെന്ന് ഡോ.മോനി കുര്യാക്കോസ് പറഞ്ഞു.