കൊച്ചി: കൈപിടിച്ച് ചിരിതൂകി എറണാകുളം ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ നിന്ന് പുറത്തേക്ക് പോകുന്ന ദേവികയുടെ മുഖം കൂട്ടുകാരികൾക്ക് മറക്കാനാവില്ല. ടീച്ചർമാർ സ്‌നേഹത്തോടെ അവളെ ചേർത്തുനിറുത്തുമ്പോൾ കരുതലായിരുന്നു. ഇന്നലെ കാക്കനാട്ടെ ഒറ്റമുറി വീട്ടിൽ ദേവികയെ കാണാനെത്തിയ കൂട്ടുകാരികൾക്ക് മുമ്പിൽ അവൾ ചിരി തൂകിയില്ല. വെള്ളത്തുണികൊണ്ട് പൊതിഞ്ഞ കെട്ടിൽ അവൾ ആരെയും കാണാതെ കിടന്നു. അതിലേക്ക് നോക്കി കൂട്ടുകാരികൾ അലമുറയിട്ടു. 'ദേവികേ നീയൊന്ന് ചിരിക്കൂ, വിളി കേൾക്കൂ". അവൾ ആരോടും മിണ്ടിയില്ല. ടീച്ചർമാർ തളർന്നിരുന്നു. തുണിക്കെട്ടിന് മുകളിൽ പുതപ്പിച്ച ഫ്ളക്‌സിലെ ദേവികയുടെ ചിരിക്കുന്ന ചിത്രം അവസാനമായി കാണാനെത്തിയവരുടെ മനസിൽ നൊമ്പരക്കാഴ്ചയായി.
ഒന്നാം ക്‌ളാസു മുതൽ എറണാകുളം ഗേൾസ് ഹൈസ്‌കൂളിലായിരുന്നു പഠനം. എസ്.എസ്.എൽ.സിക്ക് 94 ശതമാനം മാർക്ക്. പ്ളസ്‌ടുവിന് ഇഷ്‌ടപ്പെട്ട വിഷയമായ കൊമേഴ്സ് തിരഞ്ഞെടുത്തു. ആദ്യവർഷം 85 ശതമാനത്തിന് മുകളിൽ മാർക്ക്. കൊമേഴ്സ് ബി ഡിവിഷനിലെ ക്‌ളാസ് ലീഡറായിരുന്ന ദേവിക ടീച്ചർമാരുടെ അരുമശിഷ്യയും. ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ ജീവിക്കുമ്പോഴും പഠനത്തിലെ മികവ് ടീച്ചർമാരുടെ വാത്സല്യത്തിനിടയാക്കി.
മിഥുൻ കഴിഞ്ഞ ഒരാഴ്ചയായി ശല്യംചെയ്യുന്ന വിവരം ദേവിക അടുത്ത സുഹൃത്തുക്കളുമായി പങ്കുവച്ചിരുന്നു. മാനസിക സമ്മർദ്ദമുണ്ടായിരുന്നുവെന്നും കൂട്ടുകാരികൾ ഇപ്പോൾ പറയുന്നു. എന്നാൽ ഈ വിവരങ്ങളൊന്നും കൂട്ടുകാരികൾ ടീച്ചർമാരെ അറിയിച്ചിരുന്നില്ല. എന്തെങ്കിലും ചെറിയ വിവരം ലഭിച്ചിരുന്നുവെങ്കിൽ കുട്ടിയെ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്ന് സ്‌കൂൾ പി.ടി.എ പ്രസിഡന്റ് ഷിബു പി. ചാക്കോ 'കേരളകൗമുദി'യോട് പറഞ്ഞു. ദേവികയുടെ ക്‌ളാസ് ടീച്ചറായ രാധികയ്‌ക്ക് ഇപ്പോഴും മരണം ഉൾക്കൊള്ളാനായിട്ടില്ല. ഉറ്റ ശിഷ്യയെ കാണാൻ കാക്കനാട്ടെ വീട്ടിലെത്തിയെങ്കിലും ആരോടും ഒന്നും മിണ്ടാതെ അവർ പൊട്ടിക്കരഞ്ഞ് മടങ്ങി. ആർക്കും ആശ്വസിപ്പിക്കാനാവാത്ത സങ്കടക്കടലിന്റെ തിരയിളക്കമായിരുന്നു ആ മനസുനിറയെ.
പ്രേമനൈരാശ്യത്തിൽ പെട്രോളൊഴിച്ച് കത്തിച്ച് കൗമാരക്കാരിയെ കൊലപ്പെടുത്തുന്നത് എറണാകുളത്തെ ആദ്യ സംഭവമാണ്. മാസങ്ങൾക്ക് മുമ്പ് എറണാകുളം പനമ്പള്ളി നഗറിൽ പ്രേമനൈരാശ്യത്താൽ ബൈക്കിലെത്തിയ യുവാവ് യുവതിയുടെ ദേഹത്ത് പെട്രോളൊഴിച്ചെങ്കിലും കത്തിക്കുന്നതിന് മുമ്പ് അവർ രക്ഷപ്പെട്ടിരുന്നു. മുഖം മറച്ചെത്തിയ യുവാവിനെ പിന്നീട് പിടികൂടി.