ആലുവ: സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ അകാരണമായി മർദിച്ച യുവതിയെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. കളമശേരി കുസാറ്റ് അനന്യ കോളേജ് ഹോസ്റ്റൽ മേട്രൻ തസ്തികയിലെ താത്കാലിക ജീവനക്കാരി കോഴിക്കോട് കൊയിലാണ്ടി നടുവന്നൂർ കാവിൽദേശത്ത് താറോൽമിത്തൽ വീട്ടിൽ ആര്യ ബാലൻ (26) ആണ് ആലുവ പൊലീസ് മുമ്പാകെ അഭിഭാഷകനൊപ്പമെത്തി കീഴടങ്ങിയത്.
ഒക്ടോബർ ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നതെങ്കിലും രാഷ്ട്രീയ സ്വാധീനത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നില്ല. എന്നാൽ മർദ്ദന രംഗം സോഷ്യൽ മീഡിയയിൽ വൈറലാകുകയും മാദ്ധ്യമങ്ങളിൽ വാർത്തയാകുകയും ചെയ്തതിനെ തുടർന്ന് പൊലീസ് വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മൂന്ന് ദിവസം സ്റ്റേഷനിൽ ഹാജരാകാമെന്ന് പറഞ്ഞ് യുവതി പൊലീസിനെ കബളിപ്പിച്ചു.
ഒടുവിൽ ഇന്നലെ ഹാജരാകാമെന്ന് അറിയിച്ചെങ്കിലും സമയമായപ്പോൾ പ്രതിയുടെ അഭിഭാഷകൻ ഇന്നത്തേക്ക് മാറ്റണമെന്നാവശ്യമുന്നയിച്ചെന്ന് പൊലീസ് പറഞ്ഞു. എന്നാൽ ഹോസ്റ്റലിലെത്തി അറസ്റ്റ് ചെയ്യുമെന്ന് അറിയിച്ചപ്പോഴാണ് 2.45ഓടെ പ്രതി അഭിഭാഷകനൊപ്പം ഹാജരായത്. ആലപ്പുഴ മാവേലിക്കര സ്വദേശിയും റിങ്കുവിനെ (26) ആണ് ആര്യ മർദ്ദിച്ചത്. അകാരണമായി മർദ്ദിച്ചതിനും അസഭ്യം പറഞ്ഞതിനും വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരുന്നത്.
യുവതിയെത്തിയ സ്‌കൂട്ടർ വലിയ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ അസൗകര്യമുള്ള സ്ഥലത്ത് പാർക്ക് ചെയ്തതിനാൽ സെക്യൂരിറ്റി മാറ്റിവെപ്പിച്ചു. പിന്നീട് യുവതിക്ക് നൽകാൻ സെക്യൂരിറ്റിക്കാൻ അശ്രദ്ധയോടെ സ്‌കൂട്ടർ പുറത്തേക്കെടുത്തെന്ന് ആരോപിച്ചാണ് മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തത്.
സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച യുവതിക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ഐ.എൻ.ടി.യു.സിയും പുരുഷ അവകാശ സംഘടനയും രംഗത്തെത്തിയിരുന്നു.
യുവതിക്കെതിരെ നടപടി വരും
കുസാറ്റിലെ പട്ടികജാതി വിഭാഗക്കാരായ വിദ്യാർത്ഥികൾക്കായുള്ള അനന്യ ഹോസ്റ്റലിലെ മേട്രനായ ആര്യ ബാലനെതിരെ പൊലീസ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ വകുപ്പുതല നടപടി വരും. മൂന്ന് വർഷത്തെ കരാർ ജീവനക്കാരിയാണ് ആര്യ. വരുന്ന മാർച്ചിൽ കരാർ കാലാവധി അവസാനിക്കും. കേസ് സംബന്ധിച്ച റിപ്പോർട്ട് കുസാറ്റ് രജിസ്ട്രാർക്ക് കൈമാറുമെന്ന് ചീഫ് വാർഡൻ പറഞ്ഞു.