കൊച്ചി:ചടുലത ഒട്ടുമില്ല. വാക്കുകൾക്ക് മൂർച്ചയും. താരപരിവേഷം എവിടെയോ അഴിച്ചുവച്ചു. പതിഞ്ഞ സ്വരത്തിൽ കൈപി​ടിച്ച് പറഞ്ഞു. ഞാൻ സുരേഷ് ഗോപി. ' ഒന്നും പറയേണ്ടല്ലോ'. ഈ സമയം ബി.ജെ.പി സ്ഥാനാർത്ഥി സി.ജി.രാജഗോപാലിന്റെ മുഖത്ത് 100 വാൾട്ടിന്റെ ചിരി.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എറണാകുളം ഫൈൻ ആർട്സ് ഹാളിന് സമീപമുള്ള മെച്ചൂർക്കടവ് കോളനിയിലാണ് സുരേഷ് ഗോപി എത്തിയത്. കറുത്ത പാന്റും വെള്ളിയിൽ പൂക്കളുള്ള ഷർട്ടും ധരിച്ചെത്തിയ താരരാജാവിനെ കോളനിക്കാർ നിറചിരിയോടെ വരവേറ്റു. ആദ്യ കണ്ട 23 ാം നമ്പർ വീട്ടിലേക്ക് നേതാക്കൾക്കൊപ്പം. വീട്ടുകാരി സൗമ്യയോട് കുശലം. രാജഗോപാലിന് വോട്ടുറപ്പിച്ചു. ഇതിനിടയിലാണ് സൗമ്യയുടെ 13 വയസുള്ള അവശതയുള്ള മകൾ സ്നേഹയെ കണ്ടത്. അവളുടെ കൈകളിൽ പിടിച്ച് ലാളന. ഇളയ മകൾ സിയയ്‌ക്കു നേരെ കൈനീട്ടിയതോടെ അവൾ സുരേഷ്‌ഗോപിയുടെ ഒക്കത്ത് ചാടി കയറിയത് ചിരിപടർത്തി.
21 ാം നമ്പർ വീട്ടിലെ അമ്മിണിയോട് മുത്തുവിനെ എം.എൽ.എയാക്കണമെന്നായിരുന്നു കമന്റ്. 95 കാരിയായ ലക്ഷ്‌മിക്കുട്ടി അമ്മയുട‌െ അടുത്തെത്തിയപ്പോൾ 'കോടീശ്വരന"ല്ലേയെന്നായിരുന്നു ചോദ്യം. കോളനിയിലെ 15 ലധികം വീടുകളിൽ സുരേഷ്ഗോപി വോട്ടു തേടി. പിന്നീട് തൊട്ടടുത്തുള്ള നടൻ കൃഷ്‌ണയുടെ വീട്ടിലുമെത്തി. തേവര എസ്.എച്ച് കോളേജിലായിരുന്നു അടുത്ത പര്യടനം, ചേരാനെല്ലൂർ വിഷ്‌ണുപുരം മുതൽ എറണാകുളം കച്ചേരിപ്പടി വരെയുള്ള റോഡ് ഷോയിലും പങ്കെടുത്തു.