കൊച്ചി: ഓട്ടോ റിക്ഷകളുടെ അകമ്പടിയോടെ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി മനു റോയിയുടെ തുറന്ന വാഹനത്തിലുള്ള പര്യടനത്തിന് തുടക്കമായി. ചേരാനെല്ലൂരിൽ നടന്ന ചടങ്ങിൽ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. രാജീവ് ഉദ്ഘാടനം ചെയ്‌തു. സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു, എൻ.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരൻ മാസ്റ്റർ, എൽ.ഡി.എഫ് എറണാകുളം മണ്ഡലം കമ്മിറ്റി കൺവീനർ എം.അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു. കലൂർ സ്‌റ്റേഡിയത്തിൽ രാവിലെ നടക്കാനിറങ്ങിയവരോട് വോട്ട് ചോദിച്ചായിരുന്നു മനു റോയിയുടെ ഇന്നലെത്തെ പ്രചാരണ തുടക്കം. മന്ത്രി വി.എസ്. സുനിൽകുമാർ, സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ, കെ.ഇ ഇസ്മായിൽ എന്നിവർ ഇന്ന് മണ്ഡലത്തിൽ വിവിധയിടങ്ങളിലായി ഗൃഹസന്ദർശനം നടത്തും.