കൊച്ചി : കൊച്ചി നഗരത്തിലെ റോഡുകളുടെ സ്ഥിതിയെയും വികസന പദ്ധതികളുടെ മെല്ലെപ്പോക്കിനെയും ചൊല്ലി മന്ത്രിമാരും നഗരസഭയും കൊമ്പുകോർത്തു. നഗരസഭ ഒന്നും ചെയ്യുന്നില്ലെന്ന ആരോപണം മന്ത്രിമാരാണ് ഉന്നയിച്ചത്. പദ്ധതികൾക്കെല്ലാം സർക്കാരാണ് തുരങ്കം വയ്ക്കുന്നതെന്ന് ഭരണപക്ഷമായ കോൺഗ്രസും തിരിച്ചടിച്ചു.

തിരഞ്ഞെടുപ്പ് പ്രചരണത്തിൽ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ ഉൾപ്പെടെ ഉന്നയിച്ച ആരോപണങ്ങൾ എൽ.ഡി.എഫ് നേതാക്കൾ ഏറ്റെടുത്തു. ഇതിനെതിരെ വി.ഡി. സതീശൻ എം.എൽ.എ., ഹൈബി ഈഡൻ എം.പി., മുൻമേയർ ടോണി ചമ്മിണി എന്നിവർ പ്രതികരിച്ചു.

റോഡുകൾ നശിച്ചെന്ന് എൽ.ഡി.എഫ്

നഗരത്തിലെ റോഡുകളെല്ലാം തകർന്നു മാസങ്ങൾ കഴിഞ്ഞിട്ടും അറ്റകുറ്റപ്പണി നടത്താൻ നഗരസഭ തയ്യാറാകുന്നില്ല. തേവരയിലെ പണ്ഡിറ്റ് കറുപ്പൻ റോഡുൾപ്പെടെ പ്രധാന റോഡുകളാണ് മാസങ്ങളായി കുണ്ടും കുഴിയുമായി കിടക്കുന്നത്.

കോൺഗ്രസിന്റെ മറുപടി

സംസ്ഥാനത്തെ ദേശീയപാതകൾ ഉൾപ്പെടെ മുഴുവൻ റോഡുകളും തകർന്നിട്ടും നന്നാക്കാത്ത സർക്കാരാണ് നഗരസഭയെ ആക്ഷേപിക്കുന്നത്. 2011 ൽ 83 കോടി രൂപ ചെവലഴിച്ചാണ് റോഡുകൾ നന്നാക്കിയത്. മൂന്നര വർഷത്തിനിടെ എൽ.ഡി.എഫ് സർക്കാർ റോഡ് നക്കാക്കാൻ ഒരു രൂപ പോലും അനുവദിച്ചില്ല.

പണ്ഡിറ്റ് കറുപ്പൻ റോഡ് പൈപ്പിടാൻ പൊളിച്ചത് ജല അതോറിറ്റിയാണ്. പണി പൂർത്തിയാക്കി റോഡ് നഗരസഭയ്ക്ക് തിരിച്ചുനൽകാത്തത് സർക്കാർ ഏജൻസിയായ ജല അതോറിറ്റിയാണ്.

സ്‌മാർട്ട് സിറ്റി പദ്ധതി

എൽ.ഡി.എഫ് പറയുന്നു:

കേന്ദ്രം കോടികൾ അനുവദിച്ച സ്‌മാർട്ട്സിറ്റി പദ്ധതി എങ്ങുമെത്തിയില്ല. നഗരസഭയുടെ അലംഭാവവും ശ്രദ്ധക്കുറവുമാണ് കാരണം. തിരുവനന്തപുരം വലിയ മുന്നേറ്റം കൈവരിച്ചു. കൊച്ചി നഗരഭ പദ്ധതി സമയബന്ധിതമായി നടപ്പാക്കാൻ ഒന്നും ചെയ്യുന്നില്ല.

യു.ഡി.എഫ് മറുപടി :

പദ്ധതി നടത്തിപ്പിന് രൂപീകരിച്ച കൊച്ചിൻ സ്‌മാർട്ട് മിഷൻ ലിമിറ്റഡ് സർക്കാർ നിയന്ത്രണത്തിലാണ്. ചീഫ് സെക്രട്ടറിയാണ് ചെയർമാൻ. പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടന്റിനെ നിയമിക്കാൻ രണ്ടു വർഷമെടുത്ത് പദ്ധതി വൈകിപ്പിച്ചത് സർക്കാർ. കൊച്ചി മെട്രോ എം.ഡിയെ സ്‌മാർട്ട് മിഷന്റെയും എം.ഡിയാക്കിയോടെ നാഥനില്ലാതായി. തിരുവനന്തപുരത്ത് മന്ത്രിതല അവലോകനം എല്ലാ മാസവും നടക്കുന്നു. കൊച്ചിയിൽ മന്ത്രിതല അവലോകനം നടന്നത് ആകെ രണ്ടുതവണ മാത്രം.

ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ളാന്റ്

എൽ.ഡി.എഫ് പറയുന്നു :

പ്ളാന്റ് അവതാളത്തിലായിട്ട് വർഷങ്ങളായി. പുതിയ പ്ളാന്റ് നിർമ്മാണം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. മാലിന്യം നിറയുന്നു. ജനങ്ങൾക്ക് കടുത്ത ഭീഷണി.

യു.ഡി.എഫ് മറുപടി

എൽ.ഡി.എഫ് ഭരിച്ചകാലത്ത് നിർമ്മിച്ച 18 കോടിയുടെ പ്ളാന്റാണ് തകർന്നത്. പകരം മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ളാന്റിന് സർക്കാർ അനുമതി വൈകിപ്പിക്കുന്നു. മുഖ്യമന്ത്രി കല്ലിട്ടിട്ടും കളക്ടറെ ചുമതലയേല്പിച്ചിട്ടും സർക്കാർ നടപടികൾ സ്വീകരിച്ചില്ല.

സിറ്റി ഗ്യാസ് പദ്ധതി

എൽ.ഡി.എഫ് പറയുന്നു:

പൈപ്പിലൂടെ പാചകവാതകം വീടുകളിലെത്തിക്കുന്ന പദ്ധതി വൈകിപ്പിക്കുന്നു. പൈപ്പിടാൻ കഴിയുന്നില്ല.

യു.ഡി.എഫ് മറുപടി :

പദ്ധതി നടപ്പാക്കാൻ മുഖ്യമന്ത്രി കർശന നിലപാട് സ്വീകരിച്ചെങ്കിലും കൗൺസിലിൽ എൽ.ഡി.എഫാണ് ശക്തമായി എതിർത്തത്. എതിർപ്പ് അവഗണിച്ച് അനുമതി കൊടുത്തിട്ടും പൈപ്പിടാത്തതിന് നഗരസഭ ഉത്തരവാദിയല്ല.