camp-1
പണിയെടുന്നുവന്റെ പാർപ്പിടം, വെണ്ണിക്കുളത്തെ ക്യാമ്പ്

അതിഥി തൊഴിലാളി ക്യാമ്പുകളിലെ ശോചനീയാവസ്ഥ:

ആരോഗ്യ വിഭാഗം നടപടിയെടുത്തു.

കോലഞ്ചേരി: ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യം ലക്ഷ്യമാക്കി സർക്കാർ നടപ്പിലാക്കുന്ന 'അതിഥി ദേവോ ഭവ: ' പദ്ധതിയുടെ ഭാഗമായി തിരുവാണിയൂർ ആരോഗ്യ വിഭാഗം മ​റ്റക്കുഴി, വെണ്ണിക്കുളം മേഖലകളിലെ തൊഴിലാളി ക്യാമ്പുകളിൽ നടത്തിയപരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ കണ്ടെത്തി. മിക്കയിടത്തും

അടിസ്ഥാനസൗകര്യം അനുവദിക്കാതെ മലിനമായ ചു​റ്റുപാടിൽ മൃഗതുല്യമായാണ് തൊഴിലാളികളുടെ അന്തിയുറങ്ങൽ.വിലയിരുത്തൽ പരിശോധനയിൽ വളരെ മോശമായി കണ്ട മൂന്ന് ക്യാമ്പുടമകൾക്കെതിരെ ഏഴ് ദിവസത്തിനകം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള സമയമനുവദിച്ച് നോട്ടീസ് നൽകി. തുടർ പരിശോധനയിൽ വീഴ്ച ആവർത്തിച്ചാൽ ക്യാമ്പുകൾ അടച്ചുപൂട്ടുന്നതടക്കമുളള നടപടികളുണ്ടാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. തിരുവാണിയൂർ ഹെൽത്ത് ഇൻസ്‌പെക്ടർ കെ.കെ. സജിയുടെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ കെ.എൻ.വിനയകുമാർ, ടി.എസ്.അജനീഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

തൊഴിലാളി ക്യാമ്പുകൾ ഇങ്ങനെ:

ചു​റ്റും പുഴുവരിക്കുന്ന മാലിന്യങ്ങൾ നിറഞ്ഞ് രോഗണുക്കളുടെവളർച്ചാ കേന്ദ്രങ്ങൾ

.കാലപ്പഴക്കത്താൽ ഉപേക്ഷിക്കപ്പെട്ട നിലംപൊത്താറായ ഓടു കെട്ടിടത്തിനു മേൽ പ്ലാസ്​റ്റിക് ഷീ​റ്റോ പഴയ ഫ്‌ളക്‌സോ വലിച്ചുകെട്ടി വാസസ്ഥലം ഒരുക്കുന്നു.

ഇത്തരം കെട്ടിടങ്ങൾ കുറഞ്ഞ വാടകയ്ക്കെടുത്ത്, തൊഴിലാളികൾക്ക് ദിവസവാടക നിരക്കിൽ നൽകി ഇടനിലക്കാർ വൻലാഭമുണ്ടാക്കുന്നു

10 പേർക്കു മാത്രം താമസിക്കാവുന്ന ചെറിയ കെട്ടിടത്തിൽ 30 പേരെ കുത്തിനിറച്ചു താമസിപ്പിക്കുന്നു

വലിയ കമ്പനികൾ പോലും ഈ തൊഴിലാളികളുടെ അദ്ധ്വാനശേഷി മുതലാക്കുന്നതിലല്ലാതെ മനുഷ്യത്വപരമായ അടിസ്ഥാന താമസ സൗകര്യങ്ങൾ അവർക്ക് നൽകുന്നില്ല.
വേണ്ടത്ര ശൗചാലയം പോലുമില്ലാത്ത ക്യാമ്പുകളിലെ തൊഴിലാളികൾ ചുറ്റുമുള്ള പരിസരത്തും തോടുകളിലും വിസർജ്ജനം നടത്തി മലിനമാക്കുന്നതിന്റെ പേരിൽ സമീപവാസികളുടെ പരാതികളും നിരവധിയുണ്ട്.നിയന്ത്റണ വിധേയമായിരുന്ന പല പകർച്ചവ്യാധികളുടേയും തിരിച്ചുവരവിന് ഈ സാഹചര്യം ഇടയാക്കിയേക്കാമെന്ന് ആരോഗ്യ പ്രവർത്തകർ ആശങ്കപ്പെടുന്നു.

ആരോഗ്യ അവകാശങ്ങൾ :മാർക്കിടും
അതിഥി തൊഴിലാളികൾക്ക് വാസസ്ഥാനങ്ങളിൽ അടിസ്ഥാന ആരോഗ്യ അവകാശങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യവകുപ്പ് 'അതിഥി ദേവോ ഭവ: 'എന്ന പദ്ധതി നടപ്പിലാക്കി വരുന്നത്. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥർ ക്യാമ്പുകൾ സന്ദർശിച്ച് ആരോഗ്യ മാനദണ്ഡങ്ങൾ ഓരോന്നും വിലയിരുത്തി മാർക്കിടും. മോശം നിലവാരത്തിലുള്ളവയ്‌ക്കെതിരെ നടപടി ഉണ്ടാവും.