കൊച്ചി: സ്ഥാനാർത്ഥികൾ തുറന്ന വാഹനത്തിൽ പ്രചാരണത്തിനിറങ്ങി കഴിഞ്ഞു. ഇനി വോട്ടെടുപ്പിന് പത്തു ദിവസം മാത്രം. പ്രചാരണച്ചൂടിലേക്ക് മണ്ഡലം ആഴ്ന്നിറങ്ങി. തിരഞ്ഞെടുപ്പിനുള്ള ഒരുക്കളും ജില്ലാ ഭരണകൂടം പൂർത്തിയായതായി ജില്ലാ കളക്‌ടർ എസ്. സുഹാസ് അറിയിച്ചു.
ആകെ വോട്ടർമാർ 155306
പുരുഷൻമാർ 76184
സ്ത്രീകൾ 79119
മറ്റുള്ളവർ 3
അന്തിമ സ്ഥാനാർത്ഥി പട്ടിക
സ്ഥാനാർത്ഥികളുടെ പേര്, പാർട്ടി, ചിഹ്നം എന്ന ക്രമത്തിൽ
1. സി.ജി രാജഗോപാൽ, ഭാരതീയ ജനതാ പാർട്ടി, താമര
2. ടി.ജെ വിനോദ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ്, കൈ
3. അബ്ദുൾ ഖാദർ വാഴക്കാല, സമാജ്‌വാദി ഫോർവേർഡ് ബ്‌ളോക്ക്, ക്രെയിൻ
4. അശോകൻ, സ്വതന്ത്രൻ, പൈനാപ്പിൾ
5. ജെയ്‌സൺ തോമസ്, സ്വതന്ത്രൻ, ഐസ്‌ക്രീം.
6. ബോസ്‌കോ കളമശ്ശേരി, സ്വതന്ത്രൻ, ഹെൽമെറ്റ്
7. മനു കെ.എം, സ്വതന്ത്രൻ, ടെലിവിഷൻ.
8. അഡ്വ. മനു റോയ്, സ്വതന്ത്രൻ, ഓട്ടോ റിക്ഷ
9. വിനോദ് എ.പി, സ്വതന്ത്രൻ, ഗ്യാസ് സിലണ്ടർ
ബൂത്തുകൾ പ്രശ്ന രഹിതം
പ്രശ്നബാധിത ബൂത്തുകളോ പ്രശ്ന സാധ്യത ബൂത്തുകളോ ഇല്ല. നിലവിലെ ബൂത്തുകൾ സംബന്ധിച്ച് പൊലീസ് നൽകിയ റിപ്പോർട്ട് പ്രകാരമാണ് വിലയിരുത്തൽ. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ അഞ്ച് പ്രശ്നസാധ്യത ബൂത്തുകൾ കണ്ടെത്തിയിരുന്നു. എന്നാൽ രാഷട്രീയ സംഘട്ടനങ്ങളോ തർക്കങ്ങളോ സമീപകാലത്തുണ്ടാകാത്തതു പരിഗണിച്ചാണ് പൊലീസീന്റെ റിപ്പോർട്ട്
135 പോളിംഗ് സ്‌റ്റേഷനുകൾ
കൊച്ചി നഗരസഭയിലും ചേരാനല്ലൂരിലുമായി 53 പോളിംഗ് ലൊക്കേഷനുകളിലായി 135 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. ഏറ്റവും കുറവ് വോട്ടർമാരുള്ള പോളിംഗ് സ്റ്റേഷൻ കുറുങ്കോട്ടയിലെ അംഗനവാടിയാണ് (നമ്പര്‍ 21). ഇവിടെ 271 വോട്ടർമാരാണുള്ളത്. 141 പേര്‍ സ്ത്രീകളാണ്. എളമക്കര ഐ.ജി.എം പബ്ളിക് സ്ക്കൂളിലെ 42 നമ്പർ ബൂത്തിലാണ് ഏറ്റവും കൂടുതൽ വോട്ടർമാർ - 1474. 748 പേർ സ്ത്രീകളാണ്
സർവീസ് വോട്ടർമാർ
വിവിധ സംസ്ഥാനങ്ങളിലും അയർലാൻഡ്, സൗത്ത് സുഡാൻ, മോസ്കോ, ഇസ്രായേൽ, ശ്രീലങ്ക , സീഷെൽസ്, ബംഗ്ലാദേശ്, ഹോങ്കോംഗ് , തുർക്കി തുടങ്ങി ഒൻപത് രാജ്യങ്ങളിലുമായി 107 സർവ്വീസ് വോട്ടുകളാണുള്ളത്. ഇതിൽ 95 പേർ പുരുഷൻമാരും 12 പേർ സ്ത്രീകളുമാണ്. സർവ്വീസ് വോട്ടർമാർക്ക് മൊബൈലിൽ ലഭിക്കുന്ന ഒ.ടി.പി നമ്പർ ഉപയോഗിച്ച് ബാലറ്റ് പേപ്പർ ഡൗൺലോഡ് ചെയ്യാം. വോട്ട് രേഖപ്പെടുത്തിയ ശേഷം വോട്ടർമാർക്ക് അയച്ച് കൊടുത്തിട്ടുള്ള പ്രത്യേക കവറിലാക്കി വോട്ടെണ്ണൽ ദിനമായ ഒക്ടോബർ 24 ന് രാവിലെ എട്ടു മണിക്ക് മുമ്പ് തിരികെ കളക്ട്രേറ്റിൽ ലഭിക്കണം.
48 മണിക്കൂർ മദ്യ നിരോധനം
വോട്ടെടുപ്പ് പൂർത്തിയാകുന്നതിന് തൊട്ടുമുമ്പുള്ള 48 മണിക്കൂർ എറണാകുളം മണ്ഡലത്തിൽ മദ്യനിരോധനം ഉണ്ടായിരിക്കും. പൊതുസ്ഥലത്തോ സ്വകാര്യ ഇടങ്ങളിലോ മദ്യം വിൽക്കുന്നതോ, വിതരണം ചെയ്യുന്നതോ, ഉപയോഗിക്കുന്നതോ നിയമവിരുദ്ധമാണ്. വോട്ടെണ്ണൽ ദിനത്തിലും മദ്യനിരോധനം പ്രാബല്യത്തിലുണ്ടാകും.
ശമ്പളത്തോടെ അവധി
വോട്ടെടുപ്പ് ദിനത്തിൽ വോട്ടർമാരായ തൊഴിലാളികൾക്കും ജീവനക്കാർക്കും ശമ്പളത്തോടു കൂടിയ അവധി നൽകണം. ചട്ടം ലംഘിക്കുന്നവർക്കെതിരെ പിഴ അടക്കമുള്ള ശിക്ഷാനടപടികൾ സ്വീകരിക്കും. എറണാകുളം മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്ന മണ്ഡലത്തിലെ വോട്ടർമാർക്കും ശമ്പളത്തോടു കൂടിയ അവധിക്ക് അർഹതയുണ്ടായിരിക്കും. ദിവസവേതനക്കാർക്കും ശമ്പളത്തോടെ അവധി നൽകണം.
പരാതികൾ നിരീക്ഷകരെ അറിയിക്കാം
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച പരാതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച പൊതുനിരീക്ഷകനെയും ചെലവ് നിരീക്ഷകനെയും അറിയിക്കണം. എറണാകുളം ഗവ. ഗസ്റ്റ് ഹൗസിലാണ് നിരീക്ഷകരുടെ ക്യാമ്പ് ഓഫീസ്. പഞ്ചാബ് സർക്കാരിലെ കോ ഓർഡിനേഷൻ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി മാധ്വി കടാരിയയാണ് പൊതുനിരീക്ഷക (ജനറൽ ഒബ്സർവർ). ഫോൺ നമ്പർ:9895978877 . ഇ- മെയിൽ വിലാസം: observerekm82@gmail.com. ഗവ. ഗസ്റ്റ് ഹൗസിൽ രാവിലെ 10 മുതൽ 11 വരെ നേരിട്ട് പരാതി കേൾക്കും. തിരഞ്ഞെടുപ്പിന്റെ പ്രചാരണ ചെലവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള പരാതി ചെലവ് നിരീക്ഷകനായ കസ്റ്റംസ് ഡപ്യൂട്ടി കമ്മിഷണർ എ. ഗോവിന്ദരാജിനെ അറിയിക്കാം. ഫോൺ നമ്പർ: 9895981886
പോളിംഗ് സാമഗ്രി വിതരണം 20ന്
പോളിംഗ് സാമഗ്രികളുടെ വിതരണം 20ന് മഹാരാജാസ് കോളേജിൽ നടക്കും. രാവിലെ 7. 30 മുതൽ വരണാധികാരിയുടെ നേതൃത്വത്തിൽ പോളിംഗ് ഉദ്യോഗസ്ഥർക്ക് വിവിധ സാധനസാമഗ്രികൾ വിതരണം ചെയ്യും.
ബാലറ്റ് പേപ്പർ
4480 ബാലറ്റ് പേപ്പറുകൾ ജില്ലാ ട്രഷറിയിൽ എത്തി. വോട്ടിങ് യന്ത്രത്തിൽ പതിക്കാൻ 180 ബാലറ്റ് പേപ്പറുകളും ബൂത്തുകളിൽ ടെൻഡേർഡ് വോട്ട് ആവശ്യമായി വന്നാൽ ഉപയോഗിക്കാൻ 2800 ബാലറ്റുകളും തപാൽ വോട്ടിനായി 1500 ബാലറ്റുകളുമാണ് എത്തിച്ചിരിക്കുന്നത്.
പ്രചാരണച്ചെലവ് 28 ലക്ഷം കടക്കരുത്
പ്രചാരണത്തിന് ഒരു സ്ഥാനാർത്ഥിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക 28 ലക്ഷം രൂപ. ചെലവ് ഈ പരിധി കടന്നാൽ സ്ഥാനാർത്ഥി അയോഗ്യനാക്കപ്പെടും.