sheela
ഷീല ചാരു

തൃക്കാക്കരയിൽ എൽ.ഡി.എഫിന് തിരിച്ചടി

തൃക്കാക്കര: കൂറുമാറ്റ നിരോധന നിയമ പ്രകാരം തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ ഷീല ചാരുവിനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അയോഗ്യയാക്കി. നഗരസഭ അംഗമായി തുടരുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനും ആറ് വർഷത്തേക്കാണ് വിലക്ക്. വിപ്പ് ലംഘിച്ചതിനെതിരെ യു.ഡി.എഫ് നൽകിയ പരാതിയിലാണ് നടപടി.

കഴിഞ്ഞ വർഷം ഒടുവിൽ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയ വോട്ടെടുപ്പിലാണ് യു.ഡി.എഫ് അംഗമായ ഷീല ചാരു കൂറുമാറി വോട്ട് ചെയ്ത് ഭരണം നഷ്ടമാക്കിയത്.

ചെയർപേഴ്സൻ വനിതാസംവരണമായ തൃക്കാക്കരയിൽ

യു.ഡി.എഫ് ചെയർപേഴ്സൺ എം.ടി ഓമന പുറത്ത് പോയി.

പിന്നാലെ എൽ.ഡി.എഫ് പിന്തുണയോടെ ഷീല ചാരു ചെയർപേഴ്സണായി. ഇരുപതാം വാർഡ് കൗൺസിലറായിരുന്നു ഇവർ.

കൗൺസിലർ ടി.ടി ബാബുവാണ് കേസുമായി മുന്നോട്ടുപോയത്. നഗരസഭ സെക്രട്ടറി പി.എസ് ഷിബു, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷബ്‌ന മെഹർ അലി, എം.എം നാസർ, ഡി.സി.സി പ്രസിഡന്റ് ടി.ജെ വിനോദ്, നൗഷാദ് പല്ലച്ചി, ടി.ടി ബാബു, പോസ്റ്റ്മാൻ തുടങ്ങിയവരെ കമ്മിഷൻ വിസ്തരിച്ചു.

വീണ്ടും ഭരണപ്രതിസന്ധി

43 അംഗ കൗൺസിലിൽ യു.ഡി.എഫ് 21, എൽ.ഡി.എഫ് 22 എന്നിങ്ങിനെയായിരുന്നു അംഗബലം. ഷീല അയോഗ്യയായതോടെ ഒപ്പത്തിനൊപ്പമാണ്. ചെയർപേഴ്സന്റെ താൽക്കാലിക ചുമതല വൈസ് ചെയർമാൻ കെ.ടി. എൽദോയ്ക്കാണ്.


അപ്പീൽ പോകും

അയോഗ്യതാ വിധിക്കെതിരെ അപ്പീൽ പോകുമെന്ന് ഷീല ചാരു പറഞ്ഞു.