കിഴക്കമ്പലം: കിഴക്കമ്പലം മേഖലയിലേയ്ക്ക് കെ.എസ്.ആർ.ടി.സി ബസുകൾ മുന്നറിയിപ്പ് കൂടാതെ സർവീസ് നിർത്തിയതിൽ യാത്രക്കാരുടെ പ്രതിഷേധം ശക്തമായി. ജീവനക്കാരുടെ കുറവാണ് സർവീസ് നിർത്തുവാൻ കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ കഴിഞ്ഞ ദിവസം ഈ റൂട്ടിൽ സർവീസ് നടത്തുവാൻ ആലുവ ഡിപ്പോയിൽ എത്തിയ ജീവനക്കാരോട് ബസ് സർവീസ് നിർത്താൻ മേലുദ്യോഗസ്ഥർനിർദേശിച്ചുവെന്നാണ് പറഞ്ഞത്. പകരം സർവീസ് നടത്തുവാൻ റൂട്ട് ഇല്ലാതിരുന്നുവെന്നും ജീവനക്കാർ പറയുന്നു. എട്ട് സർവീസുകളാണ് നിർത്തിയിരിക്കുന്നത്. രാത്രി ഏറെ വൈകി തൃപ്പൂണിത്തുറയിൽ നിന്നു ആലുവയ്ക്ക് സർവീസ് നടത്തിയിരുന്ന ബസുകൾ യാത്രക്കാർക്ക് ഏറെ സഹായകമായിരുന്നു. കൂടാതെ സ്വകാര്യ ബസുകളുടെ ട്രിപ്പ് മുടക്കലും ,ഞായറാഴ്ച സർവ്വീസ് മുടക്കലും പതിവായിരുന്നു.