കൊച്ചി : തെരുവു കച്ചവടക്കാർക്ക് സ്ഥലവും സൗകര്യവും ഒരുക്കണമെന്ന നിയമവും കോടതി വിധികളും പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കൊച്ചി നഗരസഭയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. തെരുവുകച്ചവടക്കാരെ സംരക്ഷിക്കാനുള്ള നിയമവും കോടതി വിധികളും എന്തുകൊണ്ടാണ് പാലിക്കാത്തതെന്ന് വിശദീകരിച്ച് ബുധനാഴ്‌ചയ്‌ക്കുള്ളിൽ സത്യവാങ്മൂലം നൽകിയില്ലെങ്കിൽ കൊച്ചി നഗരസഭാ കൗൺസിൽ പിരിച്ചുവിടാൻ സർക്കാരിന് നിർദ്ദേശം നൽകുമെന്ന് സിംഗിൾബെഞ്ച് വാക്കാൽ പറഞ്ഞു.
കൊച്ചി നഗരസഭ നിയമ വിരുദ്ധമായി ഒഴിപ്പിക്കാൻ ശ്രമിക്കുന്നെന്നാരോപിച്ച് പനമ്പിള്ളി നഗറിലെ തെരുവു കച്ചവടക്കാരനായ എ. രവി ഉൾപ്പെടെ 12 പേർ നൽകിയ ഹർജിയിലാണ് വിമർശനം.
തെരുവു കച്ചവടക്കാർക്കായി നഗരസഭ രൂപീകരിച്ച ടൗൺ വെൻഡിംഗ് കമ്മിറ്റി സർവേ നടത്തി കച്ചവടക്കാരുടെ പട്ടിക നൽകിയെങ്കിലും ഇത് അപൂർണ്ണമാണെന്ന് ചൂണ്ടിക്കാട്ടി നഗരസഭാ കൗൺസിൽ തള്ളിയെന്ന് ഹർജിയിൽ പറയുന്നു. ഇക്കാര്യത്തിൽ കൗൺസിലിന് അധികാരമില്ലെന്നും കൗൺസിലിന്റെ അനുമതി ഇതിനാവശ്യമില്ലെന്നും ഹർജിക്കാർ വാദിച്ചു.
ഹൈക്കോടതി പറഞ്ഞത് :
പട്ടിക നഗരസഭാ കൗൺസിൽ തള്ളിയതെന്തുകൊണ്ടാണെന്ന് സത്യവാങ്മൂലത്തിൽ വിശദീകരിക്കണം. കൗൺസിൽ പിരിച്ചു വിടാതിരിക്കാൻ കാരണമുണ്ടെങ്കിലതും ബോധിപ്പിക്കണം.
കോടതി വിധികൾ നടപ്പാക്കാൻ നഗരസഭാ കൗൺസിലിന് ബാദ്ധ്യതയുണ്ട്.
ഇതു പാലിക്കാത്തത് തികഞ്ഞ അനാസ്ഥയാണ്.ധാർഷ്ട്യമാണ്.
സർക്കാരിന്റെ വാദം :
തെരുവു കച്ചവടക്കാരുടെ സംരക്ഷണത്തിനുള്ള നിയമങ്ങളും ചട്ടങ്ങളും
സമയബന്ധിതമായി നഗരസഭ നടപ്പാക്കേണ്ടിയിരുന്നു.
പല ക്ഷേമപദ്ധതികളും നഗരസഭയുടെ അനാസ്ഥ മൂലം ഫലം കണ്ടില്ല.
ഹർജിക്കാരുടെ വാദങ്ങൾ:
തെരുവു കച്ചവടക്കാരുടെ സംരക്ഷണത്തിനായുള്ള നിയമവും ചട്ടവും നഗരസഭ നടപ്പാക്കിയില്ല.
തങ്ങൾക്കായി പ്രത്യേക സ്കീം നടപ്പാക്കുന്നതിനെ മേയർ ശക്തമായി എതിർക്കുന്നു.
ടൗൺ വെൻഡിംഗ് കമ്മിറ്റി യോഗം ചേരാറില്ല.
കമ്മിറ്റിയോട് ആലോചിക്കാതെ നഗരസഭാ സെക്രട്ടറി ഏകപക്ഷീയമായി നടപടിയെടുക്കുന്നു.
കമ്മിറ്റിയുടെ അനുമതിയില്ലാതെ ഒഴിപ്പിക്കാൻ കഴിയില്ല.
തെരുവു കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിന് സ്റ്റേയുണ്ടെങ്കിലും നടപടികൾ തുടരുന്നു.
ഒഴിപ്പിക്കൽ തടയണം
നിയമവും ചട്ടവും സ്കീമും നടപ്പാക്കാൻ നിർദ്ദേശിക്കണം