കൊച്ചി: എം.പിമാരായ ബെന്നി ബഹ്നാൻ, ഹൈബി ഈഡൻ എന്നിവർ കൊച്ചി റിഫൈനറി സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിനെതിരെ കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്രപ്രധാന് നിവേദനം സമർപ്പിച്ചു. ബി.പി.സി.എൽ കമ്പനിയുടെ നിലവിലുള്ള ആസ്തിമൂല്യം 115000 കോടി രൂപയാണ്. 53.29% വരുന്ന ഓഹരികൾ സ്വകാര്യ മേഖലയ്ക്ക് കൈമാറാനുള്ള നീക്കമാണ് നടക്കുന്നത്. ബി.പി.സി.എല്ലിന്റെ ഭാഗമായ കൊച്ചിൻ റിഫൈനറിയിൽ ഐ.ആർ.ഇ.പി പദ്ധതിയുടെ ഭാഗമായി 16500 കോടി രൂപയുടെയും പെട്രോ കെമിക്കൽ കോംപ്ലെക്സ് നിർമാണത്തിന് 16800കോടി രൂപയുടെയും അനുബന്ധ പ്രൊജക്‌ടുകളുടെ നിർമാണത്തിനായി 17000 കോടി രൂപയുടെയും വികസന പ്രവർത്തനങ്ങൾ നടന്നുവരികയാണെന്ന് എം.പിമാർ കേന്ദ്രമന്ത്രിയെ ധരിപ്പിച്ചു.
ഈ ഘട്ടത്തിൽ കമ്പനിയുടെ സ്വകാര്യവത്കരണത്തിനുള്ള നീക്കം സർക്കാർ ഖജനാവിന് കനത്ത നഷ്ടം ഉണ്ടാക്കും. നിർമാണ തൊഴിലാളികളെയും കരാറുകാരെയും സ്വകാര്യവത്കരണം പ്രതികൂലമായി ബാധിക്കും. അതിനാൽ സ്വകാര്യവത്കരണത്തിനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണമെന്ന് എം.പിമാർ ആവശ്യപ്പെട്ടു.