പറവൂർ : പ്രണയം നിരസിച്ചതിൽ വിദ്യാർത്ഥിനിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊന്നതിനൊപ്പം കൊല്ലപ്പെട്ട മിഥുൻ കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് തവണ ആത്മഹത്യക്കു ശ്രമിച്ചതായി ബന്ധുക്കൾ പറഞ്ഞു.

കിടപ്പുമുറിയുടെ ചുമരിൽ ആണി കൊണ്ട് എന്റെ മരണത്തിനു ഉത്തരവാദി ദേവികയുടെ അമ്മയാണെന്നും എഴുതി വെച്ചാണ് ബുധനാഴ്ച വൈകിട്ട് അവസാനമായി വീട്ടിൽ നിന്നും ഇറങ്ങിയത്.

പ്രണയം തകർന്നതിൽ മനംനൊന്ത് അസ്വസ്ഥനായി ഭക്ഷണമൊന്നും കഴിക്കാതെ നടന്ന മിഥുനെ ബന്ധുക്കൾ നിരന്തരം നിരീക്ഷിച്ചുവരികയായിരുന്നു.

ദേവികയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയ ശേഷം അമ്മയുടെ സഹോദരിയുടെ വീടിനടുത്തുള്ള തത്തപ്പിള്ളി പാലത്തിൽ നിന്നും പുഴയിലേയ്ക്ക് ചാടാൻ ശ്രമിച്ചു. പാലത്തിൽ നിന്ന് രണ്ട് ബന്ധുക്കൾ വീട്ടിലേക്ക് പിടിച്ചു കൊണ്ടു വരികയായിരുന്നു. പിറ്റേന്ന് കൂട്ടുകാടുള്ള വീട്ടിൽ തൂങ്ങി മരിക്കാനും ശ്രമം നടത്തി. ഇതുകണ്ട അമ്മ അൽവാസികളെ വിളിച്ചു വരുത്തിയാണ് അത് വിഫലമാക്കിയത്.

ബുധനാഴ്ച വൈകിട്ട് ആറു മണിയോടെ അമ്മയിൽ നിന്നും 350 രൂപ വാങ്ങിയാണ് പോയത്. ഫോണിൽ കിട്ടാതായതോടെ ബന്ധുക്കളും അയൽവാസികളും നിരന്തരം വിളിക്കുകയും അന്വേഷിക്കുകയും ചെയ്തിരുന്നു. വിളിക്കുന്ന നമ്പറുകൾ അപ്പോഴെല്ലാം ബ്ളോക്കു ചെയ്യുകയായിരുന്നു മിഥുൻ.