നെടുമ്പാശേരി: ഹെറിറ്റേജ് ഹോട്ടൽ ആരംഭിക്കാനെന്നതിന്റെ മറവിൽ ബാർ ഹോട്ടൽ തുടങ്ങാനുള്ള നീക്കത്തിനെതിരെ കുന്നുകര പഞ്ചായത്ത് കമ്മിറ്റി രംഗത്ത്. കുന്നുകര പഞ്ചായത്തിലെ അയിരൂരിലാണ് ബാർ ആരംഭിക്കാനുള്ള നീക്കം നടക്കുന്നത്. ഇതിനെതിരെ നാട്ടുകാർ പഞ്ചായത്തിൽ പരാതിയും നൽകിയിരുന്നു.

പ്രാഥമികമായി ഈ സ്ഥലത്ത് നിലവിലുള്ള കെട്ടിടനമ്പർ തരം മാറ്റാനാണ് പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നത്. കെട്ടിടം സ്ഥിതിചെയ്യുന്ന ഭൂരിഭാഗം സ്ഥലവും വില്ലേജ് രേഖകളിൽ നിലമാണ്. 2008ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമമനുസരിച്ച് കെട്ടിടനമ്പറിന്റെ തരം മാറ്റാനോ കൂട്ടിച്ചേർത്ത നിർമ്മാണത്തിന് അനുമതി നൽകാനോ കഴിയില്ല. ഇത് ചൂണ്ടിക്കാട്ടി പഞ്ചായത്തിന്റെ അനുമതിയില്ലാതെയുള്ള ചുറ്റുമതിൽ ഉൾപ്പെടെയുള്ള നിർമ്മാണങ്ങൾ ഭരണസമിതി തീരുമാനപ്രകാരം പൊളിച്ചുനീക്കാൻ സ്ഥലം ഉടമയ്ക്ക് പഞ്ചായത്ത് സെക്രട്ടറി നോട്ടിസ് നൽകി. 100 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിൽ ഹെറിറ്റേജ് ഹോട്ടൽ ആരംഭിക്കുന്നതായി കേന്ദ്ര ടൂറിസം വകുപ്പിനെ തെറ്റിദ്ധരിപ്പിച്ച് സാമ്പത്തികസഹായം നേടാനുള്ള ശ്രമം നടക്കുന്നതായും നാട്ടുകാർ പഞ്ചായത്തിൽ നൽകിയ പരാതിയിൽ പറയുന്നു. കുന്നുകര പഞ്ചായത്തിൽ ബാർ ആരംഭിക്കാനുള്ള നീക്കം ഏതു വിധേനയും ചെറുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഫ്രാൻസിസ് തറയിൽ പറഞ്ഞു. ഹോട്ടൽ തുടങ്ങാനെന്ന് തെറ്റിദ്ധരിപ്പിച്ച് അനുമതി നേടാനുള്ള നീക്കമാണ് നടന്നതെന്നും പ്രസിഡന്റ് പറഞ്ഞു.