കൊച്ചി : യുവാക്കളെ ഐസിസിൽ ചേർക്കുന്നതിന് സിറിയയിലേക്ക് കടത്താൻ ശ്രമിച്ചെന്നാരോപിച്ച് വളപട്ടണം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മാപ്പുസാക്ഷിയായ എം.വി. റാഷിദിന്റെ മൊഴി ചോർന്നത് എൻ.ഐ.എ അന്വേഷിക്കുന്നു.
കൊച്ചിയിലെ പ്രത്യേക എൻ.ഐ.എ കോടതിയിൽ രഹസ്യവിചാരണയ്ക്കിടെ റാഷിദ് നൽകിയ മൊഴിയുടെ പകർപ്പ് പുറത്തായതാണ് അന്വേഷിക്കുന്നത്. മൊഴിപ്പകർപ്പിലെ വിവരങ്ങൾ ഒരു ടി.വി. ചാനൽ പുറത്തുവിട്ടിരുന്നു. സിറിയയിലേക്ക് കടക്കാൻ നടത്തിയ ശ്രമങ്ങളെക്കുറിച്ചും പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായിരുന്ന ഷജിൽ തന്നെ സ്വാധീനിക്കാൻ ശ്രമിച്ചതിനെക്കുറിച്ചും റാഷിദ് നൽകിയ മൊഴികളാണ് പുറത്തുവന്നത്. ഐസിസിൽ ചേരാൻ ഷജിൽ തന്നെ പ്രേരിപ്പിച്ചെന്നും ഐസിസിനുവേണ്ടി പോരാട്ടത്തിൽ മരിച്ചാൽ വേദനയില്ലാത്ത മരണമായിരിക്കുമെന്ന് പറഞ്ഞതായും റാഷിദ് നൽകിയ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇൗ വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.
മൊഴികൾ ചോർന്ന സംഭവം ചൂണ്ടിക്കാട്ടി സുരക്ഷാ ഭീഷണിയുണ്ടെന്ന് മാപ്പുസാക്ഷികൾ എൻ.ഐ.എ ഉദ്യോഗസ്ഥരോടു പരാതി പറഞ്ഞു. തുടർന്നാണ് അന്വേഷണം നടത്താൻ തീരുമാനിച്ചത്. കണ്ണൂർ മണ്ടേരി സ്വദേശി മിഥിലജ്, ചെക്കിക്കുളം സ്വദേശി അബ്ദുൾ റസാഖ്, തലശേരി സ്വദേശി യു.കെ. ഹംസ എന്നിവരാണ് വളപട്ടണം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ വിചാരണ നേരിടുന്നത്. വളപട്ടണം പൊലീസെടുത്ത കേസ് പിന്നീട് എൻ.ഐ.എയ്ക്ക് കൈമാറുകയായിരുന്നു. കേസിൽ സാക്ഷിവിസ്താരം നവംബർ അഞ്ചിന് തുടരും.