78 കിലോമീറ്ററിൽ കൊച്ചിയിലെ വിവിധ കായലുകളെയും കനാലുകളെയും ബന്ധിപ്പിക്കുന്ന ജലമെട്രോ
15 വ്യത്യസ്ത റൂട്ടുകളും 38 സ്റ്റേഷനുകളും
747.28 കോടിയുടെ പദ്ധതി
കൊച്ചി: ജലമെട്രോ പദ്ധതിയുടെ പ്രവർത്തനങ്ങൾക്കായി കെ.എം.ആർ.എല്ലിന് പാരിസ്ഥിതിക തീരദേശ പരിപാലന നിയമ അനുമതി ലഭിച്ചു. പരിസ്ഥിതി-വനം-കാലാവസ്ഥ മന്ത്രാലയമാണ് അനുമതി നൽകിയത്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മന്ത്രാലയത്തിന് മുന്നിൽ ഇത് സംബന്ധിച്ച് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയിരുന്നു. കേരള തീരദേശ പരിപാലന അതോറിറ്റി കഴിഞ്ഞ ഫെബ്രുവരിയിൽ പദ്ധതിക്ക് ശുപാർശ ചെയ്തിരുന്നു. നദികളുടെയോ ജലസ്രോതടസ്സുകളുടെയോ ഒഴുക്കിനെ തടസപ്പെടുത്തുന്നതായ ഒരു ഇടപെടലും ഉണ്ടാകരുതെന്ന് മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ ദുരന്തനിവാരണ പദ്ധതിയും സുരക്ഷാമാർഗനിർദ്ദേശങ്ങളും നടപ്പാക്കാൻ മന്ത്രാലയം അധികാരികളോട് ആവശ്യപ്പെട്ടു. ആധുനിക രീതിയിലുള്ളതും പരിസ്ഥിതി സൗഹൃദവുമായ ബോട്ടുകളാണ് പദ്ധതിയിൽ ഉപയോഗിക്കേണ്ടത്. കാലാകാലങ്ങളിൽ നിയമം അനുശാസിക്കും വിധം ബോട്ടുകൾ മാറുന്നതിനും പ്രത്യേക ശ്രദ്ധ ചെലുത്തണം. കൂടാതെ വിശദമായ ഗതാഗത മാനേജ്‌മെന്റ് പദ്ധതി തയ്യാറാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ബോട്ടുകളുടെ നിർമാണത്തിനുള്ള ടെണ്ടർ ഇതിനോടകം കൊച്ചി കപ്പൽശാലക്ക് നൽകിയിട്ടുണ്ട്.
"വാട്ടർ മെട്രോ പദ്ധതിയുടെ പുരോഗതിക്ക് നിർണായകമായ ചുവടുവയ്പാണിത്. പ്രകൃതി സംരക്ഷിച്ചുകൊണ്ടുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് ഞങ്ങൾ ബാധ്യസ്ഥരാണ്. അത്തരത്തിൽ നിയമ വിധേയമായ പ്രവർത്തനങ്ങൾ മാത്രമെ നടത്തുകയുള്ളു. "
അൽകേഷ് കുമാർ ശർമ
കെ.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ