കൊച്ചി: നഗരത്തിന്റെ വികസനത്തിന് ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. മനു റോയ്. പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച മീറ്റ് ദി കാൻഡിഡേറ്റ് പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കൊച്ചി നഗരസഭയുടെ ഭരണം ഇത്രയും മോശമായ കാലം ഓർമയിലില്ലെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. വികസന പ്രവർത്തനങ്ങളിൽ ബഹുദൂരം മുന്നേറിയ സംസ്ഥാന സർക്കാരിനൊപ്പമാണ് മണ്ഡലത്തിലെ ജനവികാരം. നഗരത്തിലെ 85 ശതമാനം വരുന്ന കോർപ്പറേഷൻ റോഡുകളുടെ ശോച്യാവസ്ഥയിലും മാലിന്യ സംസ്‌കരണത്തിലും നഗരസഭ ഭരണാധികാരികളുടെ അനാസ്ഥ പ്രകടമാണ്. ഇ ഗവേണൻസ് സംവിധാനം കാര്യക്ഷമമായി നടപ്പാക്കാൻ നഗരസഭയ്ക്ക് കഴിഞ്ഞില്ല. ഡെപ്യൂട്ടി മേയർ യു.ഡി.എഫ് സ്ഥാനാർഥിയായതുകൊണ്ടുതന്നെ നഗരസഭയുടെ അനാസ്ഥ മണ്ഡലത്തിൽ പ്രധാന ചർച്ചയാണ്. എല്ലാവിഭാഗം ജനങ്ങളെയും വേദനിപ്പിച്ച പാലാരിവട്ടം പാലം അഴിമതി തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. സംസ്ഥാന സർക്കാരിന്റെ കൃത്യമായ ഇടപെടലാണ് അഴിമതി പുറത്തുകൊണ്ടുവരാനും അറസ്റ്റിനും വഴിവച്ചത്. നഗരവികസനത്തിൽ മാറ്റം ആഗ്രഹിക്കുന്ന ജനങ്ങൾ പര്യടനത്തിൽ വലിയ പിന്തുണ നൽകുന്നുണ്ടെന്നും ശുഭപ്രതീക്ഷയാണുള്ളതെന്നും മനു റോയ് പറഞ്ഞു. പ്രസ് ക്ലബ് സെക്രട്ടറി സുഗതൻ പി ബാലൻ സ്വാഗതം പറഞ്ഞു.
വാഗ്‌ദാനങ്ങൾ
തമ്മനം-പുല്ലേപ്പടി റോഡ്, ഗോശ്രീ-മാമംഗലം റോഡ്, പണ്ഡിറ്റ് കറുപ്പൻ റോഡ് തുടങ്ങി മുടങ്ങിക്കിടക്കുന്ന റോഡുകളുടെ വികസനത്തിന് മുഖ്യപരിഗണന നൽകും
വടുതല, പേരണ്ടൂർ, അറ്റ്‌ലാന്റിസ് റെയിൽവേ മേൽപ്പാലങ്ങൾ യാഥാർഥ്യമാക്കും
സിറ്റി ഗ്യാസ് പദ്ധതി നഗരത്തിൽ യാഥാർഥ്യമാക്കാൻ ഇടപെടും
സ്വീ്വേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് കാര്യക്ഷമമാക്കും
ടൂറിസം രംഗത്തും വിദ്യാഭ്യാസമേഖലയിലും വികസന പദ്ധതികളുടെ ഗുണം നഗരത്തിലെത്തിക്കും
മഹാരാജാസ് കോളേജിനെ അന്താരാഷ്ട്ര നിലവാരത്തിൽ ഉയർത്തുന്നതിന് നടപടിയുണ്ടാകും
ജനറൽ ആശുപത്രി സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കും
സ്ത്രീ സൗഹൃദ വിശ്രമ കേന്ദ്രങ്ങളും സ്ത്രീ സുരക്ഷ ഉറപ്പാക്കുന്ന പദ്ധതികളും യാഥാർതത്ഥ്യമാക്കും
കുടിവെള്ള ടാങ്ക് വേണമെന്ന ചേരാനല്ലൂരുകാരുടെ ആവശ്യം യാഥാർത്ഥ്യമാക്കാൻ ഇടപെടും