കൊച്ചി : ഹൈക്കോടതി വിമർശനത്തിന്റെ ധാർമ്മികമായ ഉത്തരവാദിത്വം ഏറ്റെടുത്ത് മേയർ സൗമിനി ജെയിനും ഡെപ്യൂട്ടി മേയർ ടി.ജെ. വിനോദും രാജിവച്ചൊഴിയണമെന്ന് നഗരസഭാ പ്രതിപക്ഷ നേതാവ് കെ.ജെ. ആന്റണി ആവശ്യപ്പെട്ടു. ഭരണത്തിൽ ഒന്നും ചെയ്യാത്ത മേയറെയും ഡെപ്യൂട്ടി മേയറെയും നഗരവാസികൾക്ക് ആവശ്യമില്ലെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

നഗരസഭയ്ക്ക് ധാർഷ്ട്യമാണെന്ന ഹൈക്കോടതിയുടെ വിലയിരുത്തലും വിമർശനവും ശരിയാണ്. പിടിപ്പുകേടുകളും കെടുകാര്യസ്ഥതയും എല്ലാക്കാര്യങ്ങളിലും തുടരുകയാണ്. ഭരണത്തിന്റെ സാമ്പത്തിക സുതാര്യതയുൾപ്പെടെ മോശമായി. മേയറും ഡെപ്യൂട്ടി മേയറും ചെയർമാൻമാരും തമ്മിലുള്ള കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടു. അധികാരം നിലനിറുത്താൻ ചക്കളത്തി പോരാട്ടമാണ് നടക്കുന്നത്.

കോർപ്പറേഷനിലെ റോഡുകൾ ഉൾപ്പെടെ തകർന്നു. ജനകീയ വിഷയങ്ങളിൽ വളരെ ഉത്തരവാദിത്വത്തോടെ ഇടപെടണമെന്ന് കൗൺസിൽ ആവശ്യപ്പെട്ടാൽ പുച്ഛത്തോടും ധാർഷ്ട്യത്തോടെയുമാണ് മേയറുടെ മറുപടി. പ്രതിപക്ഷത്തോട് മാത്രമല്ല ഭരണകക്ഷിയിൽപ്പെട്ട പല കൗൺസിലർമാരോടും ഇതേ നിലപാട് തന്നെയാണ് മേയർക്കുള്ളത്. ഡെപ്യൂട്ടി മേയർ തികഞ്ഞ പരാജയമാണ്. ഹൈക്കോടതിയുടെ വിധികളും വിമർശനവും ഗൗരവകരമായ് കണ്ട് കൗൺസിൽ പിരിച്ചുവിടുന്നതാകും നല്ലതെന്ന് അദ്ദേഹം പറഞ്ഞു.