കൊച്ചി : ഫ്ലാറ്റുകൾ പൊളിക്കുന്നതിൽ സർക്കാരിനെ വെട്ടിലാക്കി മരട് നഗരസഭ കൗൺസിൽ. ഫ്ലാറ്റുകൾ കമ്പനികൾക്ക് കൈമാറുന്നത് സംബന്ധിച്ച് നഗരസഭാ യോഗത്തിൽ തീരുമാനമായില്ല. ഭരണ, പ്രതിപക്ഷ അംഗങ്ങൾ എതിർത്തതാണ് കാരണം.
ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിന്റെ അജണ്ടയിൽ വിഷയം ഉൾപ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എതിർപ്പ്. സുപ്രീം കോടതി നിർദ്ദേശിച്ച സമയപരിധിയ്ക്കുള്ളിൽ കാര്യങ്ങൾ നീങ്ങേണ്ടതിനാൽ ഇനി വിഷയം കൗൺസിൽ യോഗത്തിൽ വയ്ക്കേണ്ടതുണ്ടോയെന്ന ആശയക്കുഴപ്പത്തിലാണ് ചുമതലപ്പെട്ട ഉദ്യോഗസ്ഥസംഘം.
ഇന്നലെ നടന്നത്
സർക്കാർ ചുമതലപ്പെടുത്തിയ സബ് കളക്ടർ സ്‌നേഹിൽ കുമാർ സിംഗ് പൊളിക്കൽ നടപടികളെക്കുറിച്ച് കൗൺസിലിൽ വിശദീകരിച്ചു. കൗൺസിൽ അംഗീകാരം ആവശ്യപ്പെട്ടതോടെയാണ് അജണ്ടയിൽ ഇല്ലെന്ന സാങ്കേതികത്വം ഉന്നയിച്ച് അംഗങ്ങൾ എതിർത്തത്. യോഗത്തിൽ പങ്കെടുക്കാത്ത അംഗങ്ങൾ വിയോജനക്കുറിപ്പുമായി രംഗത്തുവന്നാൽ എടുക്കുന്ന തീരുമാനം റദ്ദാകുമെന്ന് കൗൺസിലർമാർ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.50,000 രൂപയിൽ കൂടുതൽ ചെലവു വരുന്ന എന്തു നടപടിയും അജണ്ടയിൽ ഉൾപ്പെടുത്തി കൗൺസിൽ ചർച്ച ചെയ്ത് അംഗീകരിച്ചാൽ മാത്രമെ അതിനു നിയമസാധുതയുള്ളുവെന്നും കൗൺസിലർമാർ പറഞ്ഞു.
"അജണ്ടയിൽ ഉൾപ്പെടുത്താൻ ഏഴ് ദിവസം മുമ്പെങ്കിലും നോട്ടീസ് നൽകണം. ഇതുവരെയുള്ള നടപടിക്രമങ്ങളെല്ലാം സർക്കാരിന്റെ നിർദ്ദേശപ്രകാരമായിരുന്നു. സുപ്രീം കോടതി വിധി നടപ്പാക്കാൻ കൗൺസിൽ അംഗീകരിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടാൽ അങ്ങനെ ചെയ്യാം."
-ടി.എച്ച്. നദീറ
ചെയർപേഴ്സൺ
മരട് നഗരസഭ