മൂവാറ്റുപുഴ: കോൺഗ്രസ് മൂവാറ്റുപുഴ ബ്ലോക്ക് പ്രസിഡന്റ് പി.എസ്. സലീം ഹാജിയെ മർദ്ദിക്കുകയും യോഗം അലങ്കോലപ്പെടുത്തുകയും ചെയ്തതിന് ബ്ലോക്ക് സെക്രട്ടറി കെ.എസ്. കബീറിനെ ഡി.സി.സി.പ്രസിഡന്റ് ടി.ജെ.വിനോദ് പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.
കഴിഞ്ഞദിവസം മൂവാറ്റുപുഴ കെ. കരുണാകരൻ സപ്തതി മന്ദിരത്തിൽ യോഗം ചേരുന്നതിനിടെയാണ് സലീം ഹാജിക്ക് മർദ്ദനമേറ്റത്. മൂവാറ്റുപുഴ കാവുംപടി റോഡിലുള്ള ഓഫീസിൽ പോഷക സംഘടനകൾക്ക് ഓഫീസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് പ്രശ്‌നത്തിന് കാരണം.
കോൺഗ്രസ് അനുകൂല അദ്ധ്യാപക സംഘടനയ്ക്കടക്കം ഒരു മുറിയാണ് മന്ദിരത്തിൽ അനുവദിച്ചിരിക്കുന്നത്. ഇതിന്റെ ഉദ്ഘാടന ചടങ്ങുകൾ നടക്കുമ്പോഴായിരുന്നു സംഘർഷം. ന്യൂനപക്ഷ സെല്ലിന്റെ പ്രസിഡന്റായ കബീറിന് മുറി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബ്ലോക്ക് പ്രസിഡന്റ് വഴങ്ങിയില്ലെന്നാണ് പരാതി. വൻസംഘർഷത്തിലേക്ക് നീങ്ങിയതോടെ നേതാക്കൾ ഇടപെട്ട് ഇരുവരെയും ശാന്തമാക്കി. മുതിർന്ന നേതാക്കളും അദ്ധ്യാപക സംഘടനാ നേതാക്കളുമടക്കമുള്ള പ്രമുഖർ പങ്കെടുത്ത ചടങ്ങ് അലങ്കോലമായത് പാർട്ടിക്ക് ഏറെ നാണക്കേടായി. പരസ്പരം തമ്മിലടിച്ച ഇരു നേതാക്കളും ഐ ഗ്രൂപ്പുകാരാണ്. മൂവാറ്റുപുഴയിൽ എ, ഐ ഗ്രൂപ്പുകൾ തമ്മിൽ തർക്കം നിലനിൽക്കുന്നതിനിടെയാണ് ഐ ഗ്രൂപ്പുകാർ തമ്മിലടിച്ചത്.
അനിഷ്ടസംഭവത്തെത്തുടർന്ന് സലീംഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കബീറിനെ ന്യൂനപക്ഷസെല്ലിന്റെ ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. കോൺഗ്രസ് ജില്ലാ കമ്മിറ്റിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കബീറിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. കബീർ നൽകിയ മറുപടി തൃപ്തികരമല്ലാത്തതിനാലും ഗുരുതരമായിട്ടുള്ള അച്ചടക്കലംഘനമാണ് നടന്നിട്ടുള്ളതെന്ന് ജില്ലാ കമ്മിറ്റിക്ക് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷനെന്ന് അറിയിപ്പിൽ പറയുന്നു.