highmast-light-basement-
കെ.എം.കെ കവലയിൽ ഹൈമാസ്റ്റ് ലൈറ്ര് സ്ഥാപിക്കാൻ കെട്ടിയ കോൺക്രീറ്റ് അടിത്തറ.

പറവൂർ : ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ ചേന്ദമംഗലം, കെ.എം.കെ കവലകളിലും സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപത്തും കോൺക്രീറ്റ് അടിത്തറ കെട്ടി ആറു മാസമായിട്ടും ലൈറ്റ് സ്ഥാപിക്കുന്നില്ല. സന്ധ്യമയങ്ങിയാൽ പ്രദേശം കൂരിരുട്ടിലാണ്. രാത്രിയിൽ വാഹനങ്ങളുടെയും കടകളുടെയും വെളിച്ചം മാത്രമാണ് കവലയിലുള്ളത്. ഈ സമയത്ത് ഗതാഗതം നിയന്ത്രിക്കാൻ പ്രയാസപ്പെടുകയാണ് ട്രാഫിക് പൊലീസുകാർ.

വെളിച്ചക്കുറവ് കവലയിൽ അപകടഭീഷണി ഉയർത്തുകയാണ്. വൈകിട്ട് അഞ്ചര മുതൽ രാത്രി എട്ടുവരെയുള്ള സമയത്താണ് കവലയിലൂടെ കൂടുതൽ ആളുകളും വാഹനങ്ങളും കടന്നുപോകുന്നത്. തട്ടുകടവ് ഭാഗത്തു ലൈറ്റുകൾ സ്ഥാപിക്കുന്നതിനുള്ള പോസ്റ്റ് റോഡരികിൽ കൊണ്ടുവന്നിട്ടിരിക്കയാണ്. അവിടങ്ങളിലും തുടർനടപടികളെടുത്തിട്ടില്ല.

# സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകൾക്ക്

അറ്റകുറ്റപ്പണി നടത്തുന്നില്ല

ലക്ഷങ്ങൾ ചെലവാക്കി സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെ അറ്റകുറ്റപ്പണികൾ നടത്താൻ നഗരസഭയും പഞ്ചായത്തുകളും മടികാണിക്കുന്നതായി ആക്ഷേപമുണ്ട്. പലയിടത്തും ഇവ പ്രവർത്തനരഹിതമാണ്. നഗരസഭാ അതിർത്തിയിൽ വെടിമറയിലുള്ള ഹൈമാസ്റ്റ് ലൈറ്റ് നശിച്ചിട്ടു വർഷങ്ങളായി. സ്പോൺസറുടെ സഹായത്തോടെ ശരിയാക്കാമെന്ന് നഗരസഭാ അധികൃതർ പലതവണ പറഞ്ഞെങ്കിലും നടപ്പായില്ല. പുത്തൻവേലിക്കര പഞ്ചായത്തിലെ ബസാറിലും ചേന്ദമംഗലം പഞ്ചായത്തിലെ ഗോതുരുത്തിലും ഹൈമാസ്റ്റ് ലൈറ്റുകൾ പ്രവർത്തനരഹിതമാണ്.