ആലുവ: ആയിരക്കണക്കിന് ആളുകൾ യാത്ര ചെയ്യുന്ന കീഴ്മാട് സർക്കുലർ റോഡ് കുണ്ടും കഴിയുമായി കിടന്നിട്ട് ഒന്നരവർഷമാകുന്നു. മഴകൂടി ശക്തമായതോടെ യാത്ര അതീവക്ളേശകരമാണ്. കാൽനട പോലും അസാദ്ധ്യമായ റോഡിൽ അറ്റകുറ്റപ്പണി നടത്താത്തതിൽ പ്രതിഷേധിച്ച് കീഴ്മാട് പഞ്ചായത്തു് പൗര സംരക്ഷണ സമിതി സമരത്തിനൊരുങ്ങുന്നു. അന്ധവിദ്യാലയം ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, രാജഗിരി ആശുപത്രി, പഞ്ചായത്ത് ഓഫീസ്, വ്യവസായ സ്ഥാപനങ്ങൾ, ഓൺലൈൻ റിക്രൂട്ടിംഗ് സെന്റർ ഉൾപ്പെടെ നിരവധി പൊതുസ്ഥാപനങ്ങളിലെത്താനുള്ള ഏക ആശ്രയമായ സർക്കുലർ റോഡിലേക്ക് ഓട്ടോറിക്ഷക്കാർ പോലും ഓടാത്ത സാഹചര്യമാണ് നിലവിലുള്ളത്.
കീഴ്മാട് - ആലുവ സർക്കുലർ ബസുകൾ ഇതുവഴിയാണ് കടന്നുപോകുന്നത്. ഇതാണ് കീഴ്മാട് നിവാസികൾക്കുള്ള ഏക യാത്രാമാർഗം. റോഡ് തകർന്ന് തരിപ്പണമായിക്കിടക്കുന്നതിനാൽ കെ.എസ്.ആർ.ടി.സിയും സർവീസ് നിർത്തിവയ്ക്കാൻ സാദ്ധ്യതയുണ്ട്. അതിനു മുമ്പ് പൊതുമരാമത്ത് വകുപ്പ് ഇടപെട്ടില്ലെങ്കിൽ സമാന സംഘടനകളുമായി സഹകരിച്ച് പ്രത്യക്ഷ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് പൗരസമിതി ഭാരവാഹികൾ അറിയിച്ചു.