കൊച്ചി: കൊറിയർ സ്ഥാപനം വഴി 200 കോടി രൂപ വിലമതിക്കുന്ന എം.ഡി.എം.എ മയക്കുമരുന്ന്‌ കടത്താൻ ശ്രമിച്ച കേസിൽ അറസ്‌റ്റിലായ മുഖ്യപ്രതി ചെന്നൈ സ്വദേശി അബ്ദുൾ റഹ്‌മാനെ (അലി) കൊറിയർ സ്ഥാപനത്തിലെയും ഇയാൾ താമസിച്ച ലോഡ്‌ജിലെയും ജീവനക്കാർ തിരിച്ചറിഞ്ഞു. ഒക്‌ടോബർ ആറിന്‌ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ പിടിയിലായ അലിയെ കോടതി റിമാൻഡ്‌ ചെയ്‌തിരുന്നു. എക്‌സൈസ്‌ സംഘം കസ്‌റ്റഡിയിൽ വാങ്ങിയാണ്‌ ഇന്നലെ തെളിവെടുപ്പിനെത്തിച്ചത്.
2018 സെപ്‌തംബറിലാണ്‌ ഷേണായീസ്‌ ജംഗ്ഷന് സമീപത്തെ വേൾഡ്‌ വൈഡ്‌ എക്‌സ്‌പ്രസ്‌ എന്ന കൊറിയർ സ്ഥാപനംവഴി കടത്താൻ ശ്രമിച്ച എം.ഡി.എം.എ ഇനത്തിൽപ്പെട്ട 26 കിലോ മയക്കുമരുന്ന്‌ എക്‌സൈസ്‌ സ്‌പെഷ്യൽ സ്‌ക്വാഡ്‌ പിടിച്ചത്‌. ഇതിനായി കൊച്ചിയിലെത്തിയ അലി സമീപത്തെ ലോഡ്‌ജിലാണ്‌ താമസിച്ചത്‌. ആവശ്യമെങ്കിൽ ചെന്നൈയിൽ എത്തിച്ച്‌ തെളിവെടുക്കാനും അന്വേഷണസംഘം ആലോചിക്കുന്നുണ്ട്‌.

ചെന്നൈയിൽനിന്ന്‌ കൊച്ചിയിലെത്തിച്ച മയക്കുമരുന്ന്‌ നെടുമ്പാശേരിവഴി മലേഷ്യയിലേക്ക്‌ അയയ്‌ക്കാനായിരുന്നു പദ്ധതി. ചെന്നൈയിലെ ജെവി എക്‌സ്‌പോർട്ട്‌ എന്ന സ്ഥാപനത്തിൽനിന്ന്‌ എട്ട്‌ കാർട്ടണുകളിലായി സാരികൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്‌. ചെന്നൈയിൽനിന്ന്‌ നേരിട്ട്‌ പാഴ്‌സൽ അയക്കാമെന്നിരിക്കെ കൊച്ചിവഴി അയയ്‌ക്കാൻ ശ്രമിച്ചതിൽ സംശയം തോന്നിയ കൊറിയർ സ്ഥാപന ഉടമ വിവരം എക്‌സൈസിനെ അറിയിച്ചതോടെയാണ്‌ എം.ഡി.എം.എ പിടിച്ചെടുത്തത്‌. കേസിൽ കണ്ണൂർ കടമ്പൂർ കുണ്ടത്തിൽ മീര നിവാസിൽ പ്രശാന്ത്‌കുമാറിനെ നേരത്തേ ചെന്നൈയിൽനിന്ന്‌ എക്‌സൈസ്‌ അറസ്‌റ്റ്‌ചെയ്‌തിരുന്നു. വിദേശത്തേക്ക്‌ കടന്ന അലിക്കായി തെരച്ചിൽ നോട്ടീസ്‌ പുറപ്പെടുവിച്ചിരുന്നു. മലേഷ്യയിൽനിന്ന്‌ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ എത്തിയപ്പോൾ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവച്ച്‌ എക്‌സൈസിന്‌ കൈമാറുകയായിരുന്നു. എറണാകളം അസി. എക്‌സൈസ്‌ കമ്മിഷണർ സജിത്‌ കുമാറിന്റെ നേതൃത്വത്തിലാണ്‌ അന്വേഷണം.