കൊച്ചി: എറണാകുളം നിയമസഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി മനു റോയി നടൻ മമ്മൂട്ടിയെ സന്ദർശിച്ചു. കടവന്ത്ര ഗിരിനഗറിലെ വിസ്മയ സ്റ്റുഡിയോയിലാണ് ഇരുവരും കണ്ടുമുട്ടിയത്. വിശേഷങ്ങൾ പരസ്പരം പങ്കുവച്ച് മമ്മൂട്ടി സ്ഥാനാർത്ഥിക്ക് വിജയാശംസകൾ നേർന്നു. മമ്മൂട്ടി ഈ മണ്ഡലത്തിലെ വോട്ടർ അല്ലെങ്കിലും മഹാന്മാരായ കലാകാരന്മാരുടെ അനുഗ്രഹവും പിന്തുണയും നേടാനാണ് താനെത്തിയതെന്ന് മനു റോയി പറഞ്ഞു. മോഹൻലാൽ ഉൾപ്പെടെ മണ്ഡലത്തിൽ താമസിക്കുന്ന പ്രശസ്തരെയെല്ലാം കണ്ട് അനുഗ്രഹം വാങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നും മനു പറഞ്ഞു.
സ്റ്റുഡിയോയിലുണ്ടായിരുന്ന സംവിധായകൻ ബി. ഉണ്ണിക്കൃഷ്ണൻ, സി.പി.എം എറണാകുളം ഏരിയാ സെക്രട്ടറി പി.എൻ. സീനുലാലിന്റെ മകനും നടനും സംവിധായകനുമായ സോഹൻ സീനുലാൽ എന്നിവരുമായും സ്ഥാനാർത്ഥി സംസാരിച്ചു.